Asianet News MalayalamAsianet News Malayalam

ശബരിമലയിലെ യുവതീപ്രവേശനവിധി: മാർഗനിർദേശം തേടി കേരളാ പൊലീസ് സുപ്രീംകോടതിയിലേക്ക്

ഭക്തരെ അറസ്റ്റ് ചെയ്തിട്ടില്ല. വിധി നടപ്പാക്കാൻ എല്ലാ നടപടികളുമെടുത്തു. എന്നിട്ടും ഇതിനെതിരെ പല കോടതികളിൽ വരുന്ന ഹർജികൾ ജോലി തടസ്സപ്പെടുത്തുകയാണ്. വിധി നടപ്പാക്കാൻ കൃത്യമായ മാർഗനിർദേശങ്ങൾ വേണം - പൊലീസ് ആവശ്യപ്പെടുന്നു.

sabarimala women entry police will appraoch supreme court seeking guidelines
Author
Supreme Court of India, First Published Nov 25, 2018, 5:33 PM IST

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനവിധി നടപ്പാക്കാൻ കൃത്യമായ മാർഗനിർദേശങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് കേരളാ പൊലീസ് സുപ്രീംകോടതിയെ സമീപിയ്ക്കും. വിധി നടപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് ഹർജിയിൽ ചൂണ്ടിക്കാട്ടും. എന്നാൽ പല കോടതികളിലായി പൊലീസിന്‍റെ ജോലി തടസ്സപ്പെടുത്തുന്ന രീതിയിൽ ഹർജികൾ വരുന്നു. ഇതിനാൽ വിധി നടപ്പാക്കാനാകുന്നില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.

ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങൾക്കെതിരെ ഹൈക്കോടതിയിലടക്കം നിരവധി ഹർജികൾ വരുന്ന സാഹചര്യത്തിലാണ് പൊലീസിന്‍റെ പുതിയ നീക്കം. പൊലീസിന്‍റെ നിയന്ത്രണങ്ങളുടെയും ശബരിമലയിൽ പ്രഖ്യാപിച്ചിരിയ്ക്കുന്ന നിരോധനാജ്ഞയുടെയും പേരിൽ വലിയ വിമർശനങ്ങളാണ് പൊലീസിന് നേരിടേണ്ടി വന്നത്. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനും ക്രമസമാധാനപാലനത്തിനുമാണ് നിയന്ത്രണങ്ങളേർപ്പെടുത്തിയതെന്ന് എജിയടക്കം ഹൈക്കോടതിയിൽ ഹാജരായി പല തവണ വിശദീകരണം നൽകേണ്ടി വന്നിരുന്നു. ശബരിമലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെക്കുറിച്ച് ഡിജിപിയ്ക്ക് സത്യവാങ്മൂലം നൽകേണ്ടിയും വന്നു.

ഇതിനിടെ പൊലീസിന് കൃത്യമായ നിയന്ത്രണച്ചട്ടങ്ങൾ കൊണ്ടുവരാൻ കഴിയുന്നില്ലെന്നാകും സുപ്രീംകോടതിയിൽ സമർപ്പിയ്ക്കുന്ന ഹർജിയിൽ ചൂണ്ടിക്കാട്ടുക. ഹൈക്കോടതിയിൽ നിന്നടക്കമുണ്ടാകുന്ന പരാമർശങ്ങൾ അനുസരിച്ച് ചട്ടങ്ങൾ മാറ്റേണ്ടി വരുന്നുവെന്നും പൊലീസ് ചൂണ്ടിക്കാട്ടും.

ശബരിമലയിൽ യഥാർഥ ഭക്തരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് ഹർജിയിൽ വ്യക്തമാക്കും. പ്രശ്നമുണ്ടാക്കിയ പ്രക്ഷോഭകാരികളെ മാത്രമാണ് അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുള്ളത്. അതിനു പോലും വിമർശനം നേരിടേണ്ടി വന്നെന്നും പൊലീസ് ഹർജിയിൽ ചൂണ്ടിക്കാട്ടും. 

ഹർജി നൽകുന്നത് സംബന്ധിച്ച് ഉന്നത പൊലീസുദ്യോഗസ്ഥർ ദില്ലിയിലെ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ സുപ്രീംകോടതിയിൽ ഹർജി സമർപ്പിയ്ക്കാനാണ് പൊലീസ് നീക്കം. 

Read More: ശബരിമലയിൽ പൊലീസ് പ്രകോപനമുണ്ടാക്കിയിട്ടില്ല; യഥാർഥ ഭക്തർക്ക് പ്രശ്നമില്ല - പൊലീസ് ഹൈക്കോടതിയിൽ

 

Follow Us:
Download App:
  • android
  • ios