'സേഫ് റ്റു ഈറ്റ' പദ്ധതിയുടെ ഭാഗമായി വെള്ളായണി കാര്‍ഷിക കോളേജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധന ലാബിലാണ് പരിശോധന നടന്നത്. കീടനാശിനി പരിശോധനക്കുള്ള അത്യാധുനിക സൗകര്യങ്ങളും, 100 കോടിയില്‍ ഒരു അംശം വരെ കീടനാശിനി അംശം അളക്കുന്ന ഗ്യാസ് ക്രൊമറ്റോഗ്രാഫ്, ലിക്വിഡ് ക്രൊമറ്റോഗ്രാഫ്, മാസ്സ് സ്‌പെക്‌ട്രോ മീറ്റര്‍ എന്നീ ഉപകരണങ്ങളുമുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള ലാബാണ് വെള്ളായണി കാര്‍ഷിക കോളേജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധന ലാബ്.
പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍, ഉണങ്ങിയ പഴവര്‍ഗ്ഗങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍, പാക്കറ്റില്‍ ലഭിക്കുന്ന സുഗന്ധവ്യഞ്ജനങ്ങള്‍, മസാലപ്പൊടികള്‍ എന്നിവയുടെ സാമ്പിളുകളാണ് പരിശോധിച്ചത്. കാര്‍ഷിക സര്‍വകലാശാലയിലെ അസോസിയേറ്റ് ഡയരക്ടര്‍ ഡോ. തോമസ് ബിജു മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയുടെ ഫലം സര്‍ക്കാര്‍ വെബ്‌സൈറ്റിലൂടെയാണ് പുറത്തുവിട്ടത്.
തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ പച്ചക്കറി കടകള്‍, സൂപ്പര്‍/ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, പച്ചക്കറി ചന്തകള്‍ എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച 27 ഇനം പച്ചക്കറികളുടെ 64 സാമ്പിളുകളും പരിശോധിച്ചു. തിരുവനന്തപുരം,പത്തനംതിട്ട, കോട്ടയം, ആലപ്പുഴ,എറണാകുളം, ത്യശ്ശൂര്‍, കാസര്‍കോട് ജില്ലകളിലെ പൊതുവിപണി, ജൈവപച്ചക്കറി കടകള്‍ എന്നിവിടങ്ങളില്‍ നിന്നും ശേഖരി ച്ച 18 ഇനം പഴവര്‍ഗ്ഗങ്ങളുടെ 25 സാമ്പിളും ഇതോടൊപ്പം പരിശോധിച്ചു. തിരുവനന്തപുരം ജില്ലയിലെ സൂപ്പര്‍/ഹൈപ്പര്‍/ജൈവ മാര്‍ക്കറ്റുകളില്‍ നിന്ന് ശേഖരിച്ച 21 ഇനങ്ങളില്‍പ്പെട്ട 67 സുഗന്ധവ്യഞ്ജന, മസാലപ്പൊടി സാമ്പിളുകളാണ് പരിശോധിച്ചത്.


വിഷാംശം ഇവയില്‍
പച്ചക്കറികളില്‍ നടത്തിയ പരിശോധനകളില്‍ കറിവേപ്പില, പച്ചമുളക്, പുതീന ഇല, മല്ലിയില, പയര്‍ എന്നിവയുടെ സാമ്പിളുകളില്‍ മാത്രമാണ് കീടനാശിനിയുടെ അംശം കണ്ടെത്തിയത്. പരിശോധിച്ച മറ്റ് 44 പച്ചക്കറി സാമ്പിളുകള്‍ കീടനാശിനി മുക്തമാണെന്ന് കണ്ടെത്തി. പഴ വര്‍ഗങ്ങളില്‍ സിംല ആപ്പിളില്‍ മാത്രമാണ് വിഷാംശം കണ്ടെത്തിയത്. എന്നാല്‍, പരിശോധിച്ച സുഗന്ധവ്യഞ്ജനം, മസാലപ്പൊടി സാമ്പിളുകളില്‍ ഏലയ്ക്ക, വറ്റല്‍മുളക്, മുളക്‌പൊടി, ചതച്ചമുളക്, ജീരകപൊടി, ജീരകം, ഗരംമസാല, ചുക്ക്‌പൊടി, കാശ്മീരി മുളകുപൊടി, ഉലുവ, പെരുംജീരകം എന്നിവയില്‍ വിഷാംശം കണ്ടെത്തി.


ഇവയാണ് ആ കീടനാശിനികള്‍
പച്ചക്കറികളില്‍ കണ്ടെത്തിയ കീടനാശിനി അംശങ്ങള്‍:
ക്ലോര്‍പെറി ഫോസ്, പ്രൊഫെനോപോസ്, ബെഫെന്‍ത്രിന്‍, എത്തയോണ്‍, ലാംബ്ഡാ സെഹാലോത്രിന്‍
ജൈവപച്ചക്കറികളില്‍ കണ്ടെത്തിയ കീടനാശിനി അംശങ്ങള്‍:
സൈപര്‍മെത്രിന്‍, ക്ലോര്‍പെറി ഫോസ്, ഫെന്‍പോപാത്രിന്‍, ,ബെഫെന്‍ത്രിന്‍,പ്രൊഫെനോപോസ്, എത്തയോണ്‍
പഴവര്‍ഗങ്ങളില്‍ കണ്ടെത്തിയ കീടനാശിനി അംശങ്ങള്‍:
ക്ലോര്‍പെറി ഫോസ്
ഉണങ്ങിയ പഴവര്‍ഗങ്ങളില്‍ കണ്ടെത്തിയ കീടനാശിനി അംശങ്ങള്‍:
ഫെന്‍പോപാ്രതിന്‍, ലാംബ്ഡാ സെഹാലോത്രിന്‍
സുഗന്ധവ്യഞ്ജനങ്ങള്‍, മസാലപ്പൊടികള്‍ എന്നിവകളില്‍ കണ്ടെത്തിയ കീടനാശിനി അംശങ്ങള്‍:
ക്യുനാല്‍ഫോസ്, ക്ലോര്‍പെറി ഫോസ്, ബെഫെന്‍ത്രിന്‍, ലാംബ്ഡാ സെഹാലോത്രിന്‍, സൈപര്‍മെത്രിന്‍,ഫെന്‍വാലറേറ്റ്, എത്തയോണ്‍,ഫൊസലോണ്‍, പ്രൊഫെനോഫോസ്,മീത്തൈല്‍ പാരത്തിയോണ്‍
മസാലപ്പൊടികളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും കാര്യത്തില്‍ ഗൗരവകരമായ ഇടപെടലുകള്‍ വേണ്ടിവരും.
ഗുണകരമായ മാറ്റം
പച്ചക്കറികളിലെ വിഷാംശം കുറയുന്നു എന്നത് ഗുണകരമായ മാറ്റമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. തോമസ് ബിജു മാത്യു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. എന്നാല്‍, അതിലും ഗൗരവകരമാണ് സുഗന്ധവ്യഞ്ജനങ്ങളുടെയും മസാലപ്പൊടികളുടെയും കാര്യം. പച്ചക്കറികള്‍ക്കൊപ്പം ഉപയോഗിക്കുന്ന മസാലപ്പൊടികളും സുഗന്ധവ്യഞ്ജനങ്ങളും വിഷമയമായാല്‍ പച്ചക്കറികളുടെ ഗുണം അനുഭവിക്കാനാവില്ല. അതിനാല്‍, മസാലപ്പൊടികളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും കാര്യത്തില്‍ ഗൗരവകരമായ ഇടപെടലുകള്‍ വേണ്ടിവരും.
അന്യസംസ്ഥാനങ്ങളില്‍നിന്നും വരുന്നവയും കേരളത്തില്‍ കൃഷി ചെയ്യുന്നവയുമായ പച്ചക്കറികളില്‍ വിഷാംശമുണ്ടെന്ന പരാതികള്‍ വ്യാപകമായിരുന്നു. ഭക്ഷണത്തിലൂടെ അകത്തെത്തുന്ന മാരക വിഷാംശങ്ങള്‍ കാരണമാണ് അര്‍ബുദം അടക്കമുള്ള രോഗങ്ങള്‍ വ്യാപിക്കുന്നത് എന്ന് മെഡിക്കല്‍ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നു. ഇൗ തിരിച്ചറിവുകളുടെ പശ്ചാത്തലത്തില്‍ അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള പച്ചക്കറികളെ ആശ്രയിക്കുന്നതിനു പകരം ഇവിടെ തന്നെ പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. ടെറസ് കൃഷി അടക്കമുള്ളവ വ്യാപകമായതിനെ തുടര്‍ന്ന് നമ്മുടെ പച്ചക്കറി ഉല്‍പ്പാദനം വര്‍ദ്ധിക്കുകയും അന്യ സംസ്ഥാനങ്ങൡനിന്നുള്ള പച്ചക്കറികളുടെ വരവ് കുറയും ചെയ്തിട്ടുണ്ട്. പച്ചക്കറി ഉല്‍പ്പാദിപ്പിക്കുന്ന അന്യസംസ്ഥാനങ്ങളില്‍ ജൈവ കീടനാശിനികള്‍ അടക്കമുള്ളവയുടെ ഉപയോഗവും വര്‍ദ്ധിച്ചിട്ടുണ്ട്. ഇതൊക്കെയാണ് കേരളത്തിലെ പച്ചക്കറികളിലെ കീടനാശിനിയുടെ അംശം കുറയാനുള്ള കാരണങ്ങളായി കണക്കാക്കുന്നത്.
