മണിക്കൂറില്‍ 75 മുതല്‍ 85 കിലോമീറ്റര്‍ വരെ കാറ്റുവീശാന്‍ സാധ്യതയുണ്ട്. കാറ്റിന്റെ വേഗത 90 കിലോമീറ്റര്‍ വരെ ഉയര്‍ന്നേക്കും.

തിരുവനന്തപുരം: സാഗര്‍ ചുഴലിക്കാറ്റ് ഏദന്‍ ഗള്‍ഫ് പ്രദേശത്ത് നിന്ന് ഇന്ത്യന്‍ തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തില്‍ ദേശീയ ദുരന്ത നിവാരണ അതോരിറ്റി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ലക്ഷദ്വീപ്, കേരളം, തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രപ്രദേശ്, ഒഡിഷ, സിക്കിം, പശ്ചിമബംഗാള്‍, ബീഹാര്‍, ഉത്തര്‍പ്രദേശ്, ദില്ലി, ചണ്ഡിഗഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് നേരിട്ട് ഇന്ത്യന്‍ തീരങ്ങളെ ബാധിക്കില്ലെന്നാണ് കണക്കാക്കുന്നത്.

മണിക്കൂറില്‍ 75 മുതല്‍ 85 കിലോമീറ്റര്‍ വരെ കാറ്റുവീശാന്‍ സാധ്യതയുണ്ട്. കാറ്റിന്റെ വേഗത 90 കിലോമീറ്റര്‍ വരെ ഉയര്‍ന്നേക്കും. അടുത്ത 24 മണിക്കൂര്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കും. മത്സ്യബന്ധനത്തിന് പോകുന്നവര്‍ ഗള്‍ഫ് ഓഫ് ഏദന്‍ തീരങ്ങളിലും അതിന്റെ പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ അറബിക്കടലിന്റെ സമീപ പ്രദേശങ്ങളിലേക്കും പോകാന്‍ പാടില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കേരളത്തിലെ തെക്കന്‍ ജില്ലകളിലാണ് ശക്തമായ കാറ്റിന് സാധ്യതയുള്ളത്.