അടിയന്തര സാഹചര്യങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സന്ദേശങ്ങള്‍ കൈമാറാനായി ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷൻ ഫലം കാണുന്നില്ല. ഓഖി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ജൂണിലാണ് സാഗര എന്ന പേരിൽ ആപ്പിന് രൂപം കൊടുത്തത്. 

തിരുവനന്തപുരം: അടിയന്തര സാഹചര്യങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സന്ദേശങ്ങള്‍ കൈമാറാനായി ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷൻ ഫലം കാണുന്നില്ല. ഓഖി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ജൂണിലാണ് സാഗര എന്ന പേരിൽ ആപ്പിന് രൂപം കൊടുത്തത്. ആറ് മാസമായിട്ടും മൽസ്യത്തൊഴിലാളികളെ കുറിച്ചും ബോട്ടുകളെ കുറിച്ചുമുള്ള വിവരശേഖരണം പൂർത്തിയാക്കാനോ ആപ്പിന്‍റെ പ്രവർത്തനം തുടങ്ങാനോ വകുപ്പിന് കഴിഞ്ഞിട്ടില്ല.

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായവരെ കുറിച്ച് ഫിഷറീസ് വകുപ്പിന് കൃത്യമായ വിവരങ്ങൾ ഉണ്ടായിരുന്നില്ല. ഇതിനെ തുടർന്നാണ് നാഷണൽ ഇൻഫർമാറ്റിക്സെന്‍ററുമായി ചേർന്ന് ആപ്പ് തയ്യാറാക്കിയത്. കാലാവസ്ഥ മാറ്റത്തെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഇതിലൂടെ മസ്യത്തൊഴിലാളികക്ക് കിട്ടും. സ്മാർട്ട് ഫോണിൽ ലഭിക്കുന്ന ഈ ആപ്പിൽ ബോട്ടിന്‍റെ രജിസ്റ്റർ നന്പറും ബോട്ടുടമയുടെ പേരും രേഖപ്പെടുത്തണം. 

ഇതിലൂടെ കടലിൽ എത്ര മത്സ്യത്തൊഴിലാളികൾ ഉണ്ടെന്ന് ഫിഷറീസ് അധികൃതർക്കും അറിയാനാകും. എന്നാൽ ആറു മാസം കഴിഞ്ഞിട്ടും ആപ്പ് പൂർണമായും പ്രവർത്തന സജ്ജമായിട്ടില്ലെന്ന് വിവിധ ജില്ലകളിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർമാർ പറയുന്നു. ആപ്പ് ഫലപ്രദമല്ലെന്നാണ് മസ്യത്തൊഴിലാളികളും പറയുന്നത്. സാഗര ആപ്പിലൂടെ മലയാളം, ഇംഗ്ലീഷ്,തമിഴ്, കന്നട എന്നീ നാല് ഭാഷകളില്‍വിവരങ്ങള്‍ അറിയാനാകും. ഏറ്റവുമൊടുവിൽ ചുഴലിക്കാറ്റ് ഭീഷണി ഉണ്ടായപ്പോഴും കടലിൽ പോയ മൽസ്യത്തൊഴിലാളികളെ വിവരമറിയിക്കാൻ ഫിഷറീസ് വകുപ്പിന് കൃത്യമായ മാർഗമുണ്ടായിരുന്നില്ല.