വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ സിപിഎം മുന്‍ കളമശേരി ഏരിയാ സെക്രട്ടറി വി എ സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിള്‍ ബഞ്ച് കഴിഞ്ഞ ദിവസം തളളിയിരുന്നു.അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്പി മുന്‍പാകെ ഹാജരാകാനായിരുന്നു കോടതി ഉത്തരവ്.എന്നാല്‍ ചില വ്യവസ്ഥകളും ഉത്തരവില്‍ ഉണ്ടായിരുന്നു.രാവിലെ 9 നും പത്തിനും ഇടയ്ക്ക് ഹാജരാകാനായിരുന്നു ഒരു നിര്‍ദേശം.അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരായാല്‍ വൈകുന്നേരം നാലു മണിക്ക് മുന്‍പായി കേസ് പരിഗണിക്കുന്ന മജിസ്‌ട്രേറ്റ് കോടതിയില്‍ സക്കീര്‍ ഹുസൈനെ എത്തിക്കണം.

ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.ഈ ഉത്തരവിന്റെ പകര്‍പ്പ് ഇന്നുച്ചയോടെയാണ് സക്കീര്‍ ഹുസൈന് ലഭിച്ചത്.ഈ സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങാനുളള തീരുമാനം നാളത്തേക്ക് മാറ്റാന്‍ തീരുമാനിച്ചതെന്നറിയുന്നു.ഇതുസബന്ധിച്ച് ലഭിച്ച നിയമോപദേശത്തെത്തുടര്‍ന്നാണ് സക്കീര്‍ ഇന്ന് ഹാജരാകാതിരുന്നതെന്നാണ് ലഭിച്ച സൂചന.അതേസമയം നിയമത്തിന് മുമ്പാകെ കീഴടങ്ങണമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്‍ദേശം സര്‍ക്കീര്‍ അവഗണിച്ചാല്‍ പൊതുസമൂഹത്തിന് മുന്നില്‍ പാര്‍ടിയുടെ പ്രതിഛായയ്ക്ക് മങ്ങലേല്‍ക്കുമെന്ന വിമര്‍ശനം ഒരു വിഭാഗം പാര്‍ക്കി നേതാക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്