പരിക്കേറ്റപ്പോള്‍ സങ്കടവും ദേഷ്യവുമെല്ലാം തോന്നി 28 വര്‍ഷത്തിന് ശേഷമാണ് ഞങ്ങള്‍ ലോകകപ്പിന് യോഗ്യത നേടിയത്

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗിന്‍റെ കലാശ പോരാട്ടത്തില്‍ റയല്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന്‍റെ ചലഞ്ചില്‍ പരിക്കേറ്റ് മടങ്ങിയ ലിവര്‍പൂളിന്‍റെ മുഹമ്മദ് സലായുടെ ചിത്രം ഫുട്ബോള്‍ ആരാധകരുടെ മനസില്‍ നിന്ന് ഇന്നും മാഞ്ഞിട്ടില്ല. റാമോസിന്‍റെ നീക്കത്തിനെതിരെ ലോകമെങ്ങും പ്രതിഷേധ കാറ്റ് ഉയരുകയും ചെയ്തു. അതിന് ശേഷം ഇതേപ്പറ്റി ചോദിച്ചപ്പോള്‍ താന്‍ ആയിരുന്നെങ്കില്‍ ഇന്‍ജക്ഷന്‍ എടുത്ത ശേഷം കളിക്കുമായിരുന്നെന്നാണ് റാമോസ് മറുപടി നല്‍കിയത്. ആ സമയം കളത്തില്‍ നിന്ന് തിരിച്ചു കയറുന്ന സാഹചര്യമുണ്ടയാല്‍ അത് തന്‍റെ കരിയറിന്‍റെ ഏറ്റവും മോശം അവസ്ഥയായിരിക്കുമെന്നും റാമോസ് പറഞ്ഞു.

എന്നാല്‍, റയല്‍ ക്യാപ്റ്റന്‍റെ പ്രതികരണത്തപ്പറ്റി ചോദിച്ചപ്പോള്‍ നന്നായി ചിരിക്കുകയാണ് സലാ ചെയ്തത്. അതിന് ശേഷം അദ്ദേഹത്തിന്‍റെ പ്രതികരണം വിചിത്രമാണെന്നും സലാ പറഞ്ഞു. അദ്ദേഹം എനിക്ക് ഒരു സന്ദേശമയച്ചു. പക്ഷേ, ഇതു വരെ എല്ലാം തൃപ്തികരമാണെന്ന് താന്‍ പറഞ്ഞിട്ടില്ല. ചാമ്പ്യന്‍സ് ലീഗ് ഫെെനലില്‍ പരിക്കേറ്റ് മടങ്ങിയത് തന്‍റെ കരിയറിലുണ്ടായ ഏറ്റവും മോശം അവസ്ഥയാണെന്നും ഈജിപത് താരം പറഞ്ഞു. അന്ന് ഗ്രൗണ്ടില്‍ വീണപ്പോള്‍ പല തരം വികാരങ്ങളായിരുന്നു മനസില്‍. വേദനയൊടെപ്പം ആശങ്കകളുമുണ്ടായി. തുടര്‍ന്ന് കളിക്കാന്‍ സാധിക്കില്ലെന്ന് മനസിലായതോടെ സങ്കടവും ദേഷ്യവും തോന്നി.

അതിന് ശേഷം ലോകകപ്പില്‍ കളിക്കാന്‍ സാധിക്കുമോയെന്ന ആശങ്കയാണ് മനസിനെ വലച്ചത്. ഇപ്പോള്‍ അവസ്ഥ ഒരുപാട് മെച്ചപ്പെട്ടു. ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ തന്നെ കളിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. മത്സരം അടുക്കുമ്പോള്‍ മാത്രമേ കൂടുതല്‍ ഉറപ്പിക്കാനാകൂ. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞങ്ങള്‍ ലോകകപ്പിന് യോഗ്യത നേടുന്നത്. ഏഴു വട്ടം ആഫ്രിക്കന്‍ ചാമ്പ്യന്മാരായിട്ടും ലോകകപ്പ് യോഗ്യത ലഭിക്കാത്തതിനെ നിസാരമായി കാണാനാവില്ല. കാത്തിരിപ്പുകള്‍ക്ക് ശേഷം സ്പെയിന്‍ ലോകകപ്പ് നേടിയ പോലെ വളരെ പ്രത്യേകതയുള്ള കാര്യമാണ് ഞങ്ങള്‍ക്ക് ലോകകപ്പ് യോഗ്യത ലഭിച്ചതെന്നും സലാ കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 15 യുറഗ്വേയ്ക്കെതിരെയാണ് ഈജിപ്ത്തിന്‍റെ ആദ്യ മത്സരം.