തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേതിനു തുല്യമായ ശമ്പളം നല്‍കാന്‍ ബോര്‍ഡ് തീരുമാനം. സര്‍ക്കാരിന്റെ 11ാം ശമ്പള കമ്മിഷൻ റിപ്പോര്‍ട്ട് അനുസരിച്ചുളള ശമ്പളം നല്‍കാനാണു ബോര്‍ഡ് തീരുമാനം.
ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ പുതുക്കിയ ശമ്പളം 2014 ജൂലൈ ഒന്നു മുതല്‍ നടപ്പാക്കാനാണു തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ക്ഷേത്രജീവനക്കാരുടെ ഗ്രാറ്റുവിറ്റി മൂന്ന് ലക്ഷം രൂപയില്‍ നിന്നും നാലു ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. കാരായ്മക്കാര്‍ക്ക് ക്ലാസ് ഫോര്‍ ജീവനക്കാരുടെ ശമ്പളം നല്‍കാനും ബോര്‍ഡ് യോഗം തീരുമാനിച്ചു.
പാര്‍ട്ട് ടൈം ജീവനക്കാര്‍ മുതല്‍ ദേവസ്വം കമ്മിഷണര്‍ വരെയുളള 5000 പേര്‍ക്കാണ് പുതുക്കിയ ശമ്പളവര്‍ധനയുടെ ആനൂകൂല്യം ലഭിക്കുക. ടെര്‍മിനല്‍ ലീവ് സറണ്ടര്‍ 200 ദിവസത്തില്‍ നിന്ന് 225 ദിവസമായി വര്‍ധിപ്പിച്ചു.
പെന്‍ഷന്‍കാര്‍ക്കും തത്തുല്യമായ വര്‍ധനയുണ്ടാകും.ദേവസ്വം ബോര്‍ഡും ബോര്‍ഡ് അംഗങ്ങളും ജീവനക്കാരുടെ സംഘടനയായ എംപ്ലോയീസ് ഫണ്ടും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ശമ്പളം വര്‍ധിപ്പിക്കാന്‍ തീരുമാനമായത്.
