ഗൗരി ലങ്കേഷിനെയും കല്‍ബുര്‍ഗിയെയും കൊന്നത് ഒരേ തോക്കുകൊണ്ട്

ബംഗളുരു: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ച് കൊന്നത് ഡോ എം എം കല്‍ബുര്‍ഗിയെ കൊല്ലാനുപയോഗിച്ച അതേ തോക്കുകൊണ്ടെന്ന് ഫോറന്‍സിക് പരിശോധന ഫലം. ഇരുവരെയും കൊല്ലാനുപയോഗിച്ചത് ഒരേ തോക്കെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് വെള്ളിയാഴ്ച കര്‍ണാടക പൊലീസിന്‍റെ പ്രത്യേക സംഘം ബംഗളുരു കോടതിയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചു.

2017 സെപ്റ്റംബര്‍ 5നാണ് ഗൗരി ലങ്കേഷിനെ അവരുടെ വീട്ടില്‍ വച്ച് വെടിവച്ച് കൊന്നത്. കൊലപാതകത്തിന് ഉപയോഗിച്ചത് 7.65 എംഎം നാടന്‍ തോക്കാണ്. ഇതേ തോക്കുകൊണ്ട് തന്നെയാണ് 2015 ഓഗസ്റ്റ് 30 ന് ഘര്‍വാഡില്‍ വച്ച് എം എം കല്‍ബുര്‍ഗിയെ വെടിവച്ച് കൊന്നതെന്നാണ് കണ്ടെത്തല്‍. കോടതിയില്‍ സമര്‍പ്പിച്ച ചാര്‍ജ് ഷീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്ന 23 പേജുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇരുകൊലകളും തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്ന തെളിവാണ് ഇതോടെ പുറത്ത് വന്നിരിക്കുന്നത്. 

ഗൗരി ലങ്കേഷിന്‍റെ മരണവുമായി ബന്ധപ്പെട്ട് അഞ്ച് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരുക്കുന്നത്. ഇവര്‍ക്ക് ഹിന്ദു സംഘടനയായ സനാതന്‍ സന്‍സ്തയുമായി ബന്ധമുണ്ടെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. ഹിന്ദു ജനജാഗ്രതി സമിതിയുമായി ബന്ധപ്പെട്ട സംഘടനയാണിത്. സുജിത്ത് കുമാര്‍, എ പ്രവീണ്‍, അമേല്‍ കാലെ, അമിത് ദേഗ്വേക്കര്‍, മനോഹര്‍ ഇവാഡേ എന്നിവരാണ് പിടിയിലായ അഞ്ച് പേര്‍. 

ഉടുപ്പി സ്വദേശിയായ പ്രവീണാണ് മുഖ്യ സൂത്രധാരന്‍. ഇയാള്‍ സാഹിത്യകാരന്‍ കെ എസ് ഭഗവാനെ കൊല്ലാന്‍ ആസുത്രണം ചെയ്ത പദ്ധതിയില്‍ പങ്കാളിയായിരുന്നുവെന്ന് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കെ എസ് ഭഗാനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഇവര്‍ പിടിയിലായതോടെയാണ് ഗൗരി ലങ്കേഷ് കേസില്‍ വഴിത്തിരിവുണ്ടായത്. ഇതില്‍ പുണെ സ്വദേശിയായ അമോല്‍ കലെയ്ക്ക് കല്‍ബുര്‍ഗിയുടെ വധത്തിലും പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. കല്‍ബുര്‍ഗിയെ വാതിലില്‍ തട്ടിവിളിച്ചത് ഇയാള്‍ തന്നെയാണെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന.

അതേസമയം കല്‍ഡബുര്‍ഗിയെ കൊല്ലാന്‍ ഉപയോഗിച്ചതില്‍ ഒരു തോക്കാണ് ഗോവിന്ദ് പന്‍സാരയെ കൊല്ലാന്‍ ഉപയോഗിച്ചതെന്നും അതേ തോക്കാണ് നരേന്ദ്ര ദാബോല്‍ക്കറെ കൊല്ലാന്‍ ഉപയോഗിച്ചതെന്നും തെളിഞ്ഞിട്ടുണ്ട്. 2015 ഫെബ്രുവരി 16 ന് കോലാലംപൂരില്‍ വച്ചാണ് ഗോവിന്ദ് പന്‍സാരെ വെടിയേറ്റ് കൊല്ലപ്പെട്ടത്. 2013 ഓഗസ്റ്റ് 20നാണ് നരേന്ദ്ര ദാബോള്‍ക്കര്‍ കൊല്ലപ്പെട്ടത്. രാവിലെ നടക്കാനിറങ്ങിയ ദാബോല്‍ക്കറെ വീടിന് സമീപത്ത് വച്ച് വെടിവച്ച് കൊല്ലുകയായിരുന്നു.