സി പി എമ്മിനെതിരെ ആരോപണവുമായി സനലിന്‍റെ കുടുംബം. സമരം നിർത്തിയാൽ നഷ്ടപരിഹാരം വാങ്ങി നൽകാമെന്ന് സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അറിയിച്ചതായി സനലിന്‍റെ ഭാര്യ പിതാവാണ് വെളിപ്പെടുത്തിയത്. 

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്‍റെ കുടുംബത്തിന് ഉപാധികളോടെ സഹായം വാഗ്ദാനം ചെയ്ത് സി പി എം. സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തുന്ന സത്യാഗ്രഹ സമരം അവസാനിപ്പിച്ചെന്ന് വാര്‍ത്താസമ്മേളനം നടത്തിയാല്‍ സാമ്പത്തിക സഹായവും ജോലിയും നല്‍കാമെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അറിയിച്ചതായി സനലിന്‍റെ ഭാര്യ പിതാവാണ് വർഗീസ് വെളിപ്പെടുത്തിയത്. സനലിന്റെ ഭാര്യാ പിതാവിനെ സി പി എം ജില്ലാ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് സമ്മര്‍ദ്ദം ചെലുത്തിയത്. 

സമരം നിറുത്തിയാല്‍ നഷ്ടപരിഹാരം വാങ്ങി തരാമെന്നും പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സൊസെറ്റിയില്‍ ജോലി നല്‍കാമെന്നും പറഞ്ഞതായി വിജിയുടെ പിതാവ് പറഞ്ഞു. മാധ്യമങ്ങളോട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ നിഷേധിക്കുമെന്നും ആനാവൂര്‍ പറഞ്ഞതായി വിജിയുടെ പിതാവ് വര്‍ഗീസ് പറഞ്ഞു. കോടിയേരിയുമായി ചർച്ച ചെയ്യാമെന്നും ജില്ലാ സെക്രട്ടറി വാഗ്ദാനം ചെയ്തുവെന്നും വര്‍ഗീസ് വെളിപ്പെടുത്തി. ആൻസലൻ എം എൽ എ യുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച.

ജോലിയുടെ കാര്യം സംസാരിക്കാന്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കാണാനെന്ന് പറഞ്ഞാണ് വിജിയുടെ പിതാവ് വര്‍ഗീസിനെ വിളിച്ചു വരുത്തിയത്. നെയ്യാറ്റിന്‍കര എം എല്‍ എ കെ എ ആന്‍സലനാണ് ശനിയാഴ്ച കൂട്ടിക്കൊണ്ടു പോയത്. എത്തിച്ചത് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഒാഫീസില്‍ ജില്ലാ സെക്രട്ടറിയുടെ മുമ്പിലും. ഒത്തുതീര്‍പ്പ് ചര്‍ച്ചയെക്കുറിച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്തരുതെന്നും നിര്‍ദേശിച്ചു.

നവംബര്‍ അഞ്ചിന് സനല്‍ കൊല്ലപ്പെട്ടതിനു പിന്നാലെ വീട്ടിലെത്തിയ മന്ത്രിമാര്‍ അടക്കമുളളവര്‍ സാമ്പത്തിക സഹായവും ജോലിയും വാഗ്ദാനം നല്കി. എന്നാല്‍ പ്രതിയായ ഡിവൈഎസ്പി ആത്മഹത്യ ചെയ്തതോടെ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ല. നെയ്യാറ്റിൻകര മുൻ ഡിവൈഎസ്പി ഹരികുമാർ വാഹനത്തിന് മുന്നിലേക്ക് സനിലിനെ തള്ളിയിട്ടുവെന്നാണ് ക്രൈം ബ്രാഞ്ച് കേസ്. 35 ലക്ഷത്തിന്‍റെ കടബാധ്യത കൊല്ലപ്പെട്ട സനിലുണ്ട്. ഇതിൻറെ രേഖകളെല്ലാം പൊലീസ് ശേഖരിച്ച് സർക്കാരിന് നൽകിയിരുന്നു.