ദോഹ: ഖത്തറില്‍ വരും ദിവസങ്ങളില്‍ ശക്തമായ പൊടിക്കാറ്റിനു സാധ്യതയുള്ളതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പു നല്‍കി. തിങ്കളാഴ്ച വരെ തുടരുന്ന കാലാവസ്ഥാ അതി മര്‍ദത്തെ തുടര്‍ന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനമാണ് പോടിക്കാറ്റിന് കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഇനിയുള്ള രണ്ടു ദിവസങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വെഗതയിലായിരിക്കുമെന്നും ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് കാഴ്ചാ പരിധി രണ്ടു കിലോമീറ്ററില്‍ താഴെയായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയം പൊതുജനങ്ങള്‍ക്കുള്ള മുന്‍ കരുതല്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. മുതിര്‍ന്നവരും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവരും പൊടിക്കാറ്റില്‍ നിന്ന് അകന്നു നില്‍ക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പുറത്തിറങ്ങുന്നവര്‍ വായും മൂക്കും മൂടിക്കെട്ടുക, കണ്ണും വായും തണുത്ത വെള്ളത്തില്‍ ഇടക്കിടെ കഴുകുക,കണ്ണ് തിരുമ്മാതിരിക്കുക,എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നവര്‍ പെട്ടെന്ന് തന്നെ അടുത്തുള്ള പ്രാധമികാരോഗ്യ കേന്ദ്രത്തെ സമീപിക്കുക തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍. ശ്വാസമെടുക്കുന്നതിനു ബുദ്ധിമുട്ടനുഭവപ്പെടുന്നതുള്‍പെടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ ഹമദ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തെ സമീപിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
കാഴ്ചപരിധി കുറയാന്‍ ഇടയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കടലില്‍ പോകുന്നവര്‍ ശ്രദ്ധിക്കണമെന്നും ആഭ്യന്തര മന്ത്രാലയവും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
