തൃശ്ശൂരില്‍ സിപിഎം വിജയാഹ്ലാദ പ്രകടനത്തിനിടെ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് സംഘപരിവാര്‍ സംഘടനകള്‍ ദേശീയ തലത്തിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുന്നത്. അക്രമണങ്ങള്‍ തുടര്‍ന്നാല്‍ തെരുവില്‍ കാണാമെന്ന തരത്തില്‍ ഇന്നലെ ബിജെപി കേന്ദ്ര നേതാക്കള്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദില്ലിയിലെ സിപിഎം കേന്ദ്ര കമ്മിറ്റി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചത്. ശക്തമായ സുരക്ഷാ സംവിധാനവും ബാരിക്കേഡുകളും എകെജി ഭവന് മുന്നില്‍ ഒരുക്കിയിട്ടുണ്ട്. ഇന്ന് ദില്ലിയിലെത്തുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേരളത്തില്‍ ക്രമസമാധാന നില തകര്‍ന്നെന്നും ബിജെപി പ്രവര്‍ത്തകര്‍ നിരന്തരമായി അക്രമിക്കപ്പെടുന്നെന്നും കാണിച്ച് രാഷ്‌ട്രപതിക്ക് പരാതി നല്‍കും.