ദില്ലി: ശബരിമല ഹർജിക്ക് പിന്നിൽ സംഘപരിവാർ തന്ത്രമെന്ന ആരോപണം തള്ളി ഹർജി നൽകിയ അഭിഭാഷകർ. നിയന്ത്രണം വിവേചനമാണെന്ന് കരുതിയാണ് ഹർജി നല്‍കിയതെന്ന് ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനിലെ പ്രേരണ കുമാരിയും ബക്തി പസ്രീജ സേത്തിയും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പ്രേരണ കുമാരി ഉൾപ്പടെ യങ് ലോയേഴ്സ് അസോസിയേഷനിലെ അഞ്ച് അഭിഭാഷകരാണ് 2006ൽ ശബരിമലയിലെ സ്ത്രീ പ്രവേശന നിയന്ത്രണത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. പ്രേരണ കുമാരി ഇടക്കാലത്ത് നിലപാട് മാറ്റി. ഹർജി നൽകിയ സമയത്ത് തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്നായിരുന്നു വാദം. പ്രേരണ കുമാരിയുടെ ഭർത്താവ് സിദ്ധാർത്ഥ് ശംഭു സംഘപരിവാർ സംഘടനകളുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ്. എന്നാൽ ഹർജി നല്‍കിയതിൽ ബാഹ്യപ്രേരണയില്ലെന്ന് പ്രേരണ വ്യക്തമാക്കുന്നു.

ഭക്തി പസ്രീജ സേത്തി ഇപ്പോഴും ഭൂരിപക്ഷ വിധിക്കൊപ്പമാണ്. താൻ സോഷ്യലിസ്റ്റ് പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ്. ആർഎസ്എസുമായി വിദൂര ബന്ധം പോലുമില്ലെന്നാണ് ഭക്തി പ്രസീജയുടെ വിശദീകരണം. പരമ്പരാഗത ഹിന്ദു കുടുംബത്തിലെ താൻ ഹർജി നല്‍കിയ കാര്യം വീട്ടുകാരിൽ നിന്ന് ആദ്യ മറച്ചു വച്ചെന്നും ഭക്തി പ്രസീജ പറയുന്നു. സുധ പാൽ, അൽക ശ‍ർമ്മ, ലക്ഷമി ശാസ്ത്രി എന്നിവരാണ് മറ്റ് ഹർജിക്കാർ. എന്നാൽ ഇവരാരും ഹർജിയെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാൻ തയ്യാറല്ല.