Asianet News MalayalamAsianet News Malayalam

എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം

എഴുത്തുകാരന്‍ ഉണ്ണി ആറുമൊത്തുള്ള കഥാസംവാദത്തിനിടെയാണ് പരാതിക്കിടയായ സംഭവം. ബിരിയാണി എന്ന കഥയെക്കുറിച്ചുണ്ടായ വിവാദത്തെക്കുറിച്ചു പറയുന്നതിനിടയില്‍ സന്തോഷ് ഏച്ചിക്കാനം താന്‍ എഴുതിയ പന്തിഭോജനം എന്ന കഥയെയും പരാമര്‍ശിച്ചിരുന്നു.

santhosh echikkanam got bail from court
Author
Kasaragod, First Published Dec 15, 2018, 4:17 PM IST

കാസര്‍ഗോഡ്: ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരില്‍ അറസ്റ്റിലായ എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം ലഭിച്ചു. കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയില്‍നിന്നാണ് ഏച്ചിക്കാനത്തിന് ജാമ്യം ലഭിച്ചത്. ഉപാധികളോടെയാണ് കോടതി ഏച്ചിക്കാനത്തിന് ജാമ്യം അനുവദിച്ചത്. 2 ആൾ ജാമ്യവും 50000 രൂപ കെട്ടിവയ്ക്കാനും കോടതി ആവശ്യപ്പെട്ടു.   എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരായി ഒപ്പിടണമെന്നുമാണ് ഉപാധി. 

കേസിൽ മുൻ‌കൂർ ജാമ്യം തേടി സന്തോഷ് ഏച്ചിക്കാനം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും പൊലീസിന് മുന്നിൽ കീഴടങ്ങാനായിരുന്നു ഹൈക്കോടതി നിർദേശം. കാസര്‍ഗോഡ് ഏച്ചിക്കാനം സ്വദേശി ബാലകൃഷ്ണനാണ് പരാതി നല്‍കിയത്. ഫെബ്രുവരി 9ന് കോഴിക്കോട് നടന്ന കേരള ലിറ്ററി ഫെസ്റ്റിവലിലെ സംവാദത്തിനിടെ സന്തോഷ് ഏച്ചിക്കാനം മാവിലന്‍ സമുദായത്തിനെതിരെ സംസാരിച്ചു എന്നാണ് പരാതി.

എഴുത്തുകാരന്‍ ഉണ്ണി ആറുമൊത്തുള്ള കഥാസംവാദത്തിനിടെയാണ് പരാതിക്കിടയായ സംഭവം. ബിരിയാണി എന്ന കഥയെക്കുറിച്ചുണ്ടായ വിവാദത്തെക്കുറിച്ചു പറയുന്നതിനിടയില്‍ സന്തോഷ് ഏച്ചിക്കാനം താന്‍ എഴുതിയ പന്തിഭോജനം എന്ന കഥയെയും പരാമര്‍ശിച്ചിരുന്നു. കേരളത്തിന്റെ പൊതുബോധം പുലര്‍ത്തുന്ന ദലിത് വിരുദ്ധ, ജാതീയ ബോധം സൂക്ഷ്മമായി വിശകലനം ചെയ്യുന്ന ദലിത്പക്ഷ കഥയാണിത്.

ഈ കഥയെക്കുറിച്ച് പറയുന്നതിനിടയില്‍, പന്തിഭോജനം എന്ന കഥയുടെ പ്രമേയത്തോട് ചേര്‍ന്നുനില്‍ക്കുന്ന വിധത്തില്‍, വലിയ നിലകളില്‍ എത്തിയാല്‍ ചില ദലിതര്‍ സവര്‍ണ്ണ മനോഭാവം വെച്ചുപുലര്‍ത്തുന്നതായി സന്തോഷ് പറഞ്ഞിരുന്നു. തന്റെ നാട്ടിലുള്ള ദലിത് സമുദായത്തിലുള്ള ഒരാള്‍ ഇങ്ങനെ വലിയ നിലയില്‍ എത്തിയതിനു ശേഷംഎ സവര്‍ണ്ണ മനോഭാവത്തിലേക്ക് മാറിയതായി, പൊതുവായി, സന്തോഷ് പരാമര്‍ശിച്ചിരുന്നു. 

ഈ പരാമര്‍ശം തന്നെക്കുറിച്ചാണെന്നു കാണിച്ചാണ് ഏച്ചിക്കാനം സ്വദേശിയായ ബാലകൃഷ്ണന്‍ പരാതി നല്‍കിയത്. സന്തോഷിന്റെ പരാമര്‍ശം  ജാതീയമാണെന്നും ഇത് തനിക്കും തന്റെ ജാതിയായ മാവിലന്‍ സമുദായത്തിനും എതിരാണെന്നും ആരോപിച്ചായിരുന്നു പരാതി.  

Follow Us:
Download App:
  • android
  • ios