കൊൽക്കത്ത: 2013 മുതൽ പശ്ചിമ ബംഗാൾ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്ന വൻ വിവാദമാണ് ശാരദ ചിട്ടി ഫണ്ട്. ഇരുന്നൂറിലധികം സ്വകാര്യ കമ്പനികൾ ചേ‍ർന്ന ഒരു അംബ്രല്ല കോർപ്പറേഷനായിരുന്നു ശാരദ ഗ്രൂപ്പ്, സ്വപ്ന തുല്യമായ പലിശയും സമ്മാനങ്ങളും നൽകി ശാരദ ബംഗാളിൽ പടർന്നു കയറി. പത്ത് ലക്ഷത്തിലധികം പേരാണ് ശാരദയിൽ പണം നിക്ഷേപിച്ച് വഞ്ചിതരായത്. ഇതിൽ ഏറെ പേരും ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവരോ മധ്യവർഗത്തിൽപ്പെട്ടവരോ ആയിരുന്നു. പതിനായിരം കോടി രൂപയിലധികം ശാരദയിൽ നിക്ഷേപിക്കപ്പെട്ടിരുന്നതായാണ് റിപ്പോ‍ർട്ട് . 

രാഷ്ട്രീയ നേതാക്കളുമായി മികച്ച ബന്ധം സ്ഥാപിച്ച ശാരദ സമൂഹത്തിന്‍റെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവരെ തങ്ങളുടെ വളർച്ചയ്ക്കായി കൂടെക്കൂട്ടി, ഏജന്‍റുമാർക്ക് അവിശ്വസിനീയമായ സമ്മാനങ്ങൾ പണമായും അല്ലാതെയും നൽകി, ബംഗാളിന് പുറമേ ഒഡീഷയിലും,ആസാമിലും, ഝാർഖണ്ടിലും, ത്രിപുരയിലും ശാരദ പടയോട്ടം നടത്തി. ജനം പണം ശാരദയിലേക്ക് ഒഴുക്കി. 

ബംഗാളിന്‍റെ വികാരമായിരുന്ന മോഹൻ ബഗാൻ ഫുട്ബോൾ ക്ലബ്ബിലടക്കം ശാരദ ഗ്രൂപ്പ് നിക്ഷേപം നടത്തി. ദുർഗ പൂജ ആഘോഷങ്ങൾ സ്പോൺസർ ചെയ്തും, മാധ്യമ സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തിയും ശാരദ പൊതു മനസ്സിൽ വിശ്വാസ്യത നേടി. ഇതിനെല്ലാം ഉപരിയായി ശ്രീരാമകൃഷ്ണ പരമഹംസരുടെ ഭാര്യയായിരുന്ന ശാരദാ ദേവിയുടെ പേരും ഇതിനായി ഉപയോഗിച്ചു. എല്ലാം പുറം മോടിയായിരുന്നുവെന്ന് ജനം തിരിച്ചറിഞ്ഞത് ഏറെ വൈകിയാണ്.

കാര്യങ്ങൾ കൈവിട്ടു പോകുമെന്നായപ്പോൾ ശാരദ ഗ്രൂപ്പ് ചെയർമാനും എംഡിയുമായ സുദീപ് സെന്നും  എക്സ്ക്യൂട്ടീവ് ഡയറക്ടർ  ദേബാഞ്ചി മുഖർജിയും മുങ്ങി. ഇവരെ 2013 ഏപ്രിൽ പതിമൂന്നിന് കാശ്മീരിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു പോയിരുന്നു, പണം നിക്ഷേപിച്ച സാധാരണക്കാർ കൊൽക്കത്തയിലെ തെരുവുകളിൽ ആത്മഹത്യ ചെയ്യാൻ ആരംഭിച്ചു. ബംഗാൾ സർക്കാർ പണം നഷ്ടപ്പെട്ടവരെ സഹായിക്കാനായി അഞ്ഞൂറ് കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. എന്നാൽ ശാരദയുടെ കുരുക്കിൽപ്പെട്ടവരെ രക്ഷിക്കാൻ അത് മതിയാവില്ലായിരുന്നു.

എൻഫോഴ്സമെന്‍റ് ഡയറക്ട്റേറ്റിന്‍റെ റിപ്പോർട്ട് പ്രകാരം ശാരദയിൽ നിക്ഷേപിക്കപ്പെട്ട പണത്തിന്‍റെ വലിയ പങ്കും ഉപയോഗിക്കപ്പെട്ടത് രാഷ്ട്രീയക്കാർക്ക് കൈക്കൂലി നൽകാനാണ് ഉപയോഗിച്ചത്. 2009ൽ തന്നെ ഇക്കാര്യത്തിൽ വാർത്ത പുറത്ത് വന്നിരുന്നവെങ്കിൽ അന്വേഷണത്തിൽ കാര്യമായ തെളിവുകൾ കിട്ടിയിരുന്നില്ല.

മാധ്യമപ്രവർത്തകനും പിന്നീട് തൃണമൂൽ എംപിയുമായി മാറിയ കുനാൽ ഘോഷിൽ നിന്നാണ് ചൂണ്ടു വിരൽ തൃണമൂലിലേക്ക് നീണ്ടു തുടങ്ങുന്നത്, മമതയുടെ വലം കൈയ്യായി അറിയപ്പെട്ടിരുന്ന ഗതാഗത മന്ത്രി മദൻ മിത്ര അറസ്റ്റിലായത് വൻ രാഷ്ട്രീയ വിവാദമായി, സുദീപ് സെന്നുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന മദൻ മിത്ര ചോദ്യം ചെയ്യലിനിടെ വിവരങ്ങൾ മറച്ച് വച്ചതായി വ്യക്തമായതോടെ അറസ്റ്റിലാവുകയായിരുന്നു. പിന്നാലെ അന്വേഷണം റെയിൽ മന്ത്രിയായിരുന്ന മുകുൾ റോയിലേക്കും നീണ്ടു. മമതയുടെ ഒരു ചിത്രം 1.86 കോടി നൽകി വാങ്ങിയെന്ന സുദീപ് സെന്നിന്‍റെ വെളിപ്പെടുത്തൽ അന്ന് വലിയ കോലാഹലമാണ് ഉണ്ടാക്കിയത്. വിവാദ നായകനായ മുകുൾ റോയി പിന്നീച് ബിജെപിയിലേക്ക് ചേക്കേറി.

തൃണമൂൽ ബന്ധം അവിടം കൊണ്ടും തീർന്നില്ല ബംഗാൾ മുൻ ഡിജിപിയും പിന്നാട് തൃണമൂൽ എംപിയുമായി മാറിയ രജാത് മജൂദാറും അഴിക്കുള്ളിലായി. പിന്നാലെ പുറത്ത് വന്നത് ശാരദയെക്കാൾ വലിയ അഴിമതിയുടെയും തട്ടിപ്പിന്‍റെയും കഥയായിരുന്നു. അതാണ് റോസ് വാലി ചിട്ടി തട്ടിപ്പ്. പതിനയ്യായിരം കോടി രൂപയുടെ റോസ് വാലി ചിട്ടി തട്ടിപ്പും ശാരദയില്‍ ഏറെ വ്യത്യാസമില്ലാത്ത കഥയാണ്. അന്വേഷണം മുന്‍പോട്ട് പോയതോടെ തൃണമൂലിന്‍റെ ലോക്സഭാ കക്ഷി നേതാവായ സുധീപ് ബന്ധോപദ്ധ്യായ അറസ്റ്റിലാകുന്നത് വരെയെത്തി കാര്യങ്ങൾ.

ശാരദ ചിട്ടി ഫണ്ട്, റോസ് വാലി ചിട്ടി ഫണ്ട് എന്നീ കേസുകൾ ആദ്യം അന്വേഷിച്ചത് കൊല്‍ക്കത്ത പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘമായിരുന്നു. ഈ ടീമിന് നേതൃത്വം നല്‍കിയത് അന്ന് കൊല്‍ക്കത്തിയില്‍ അഡീഷണല്‍ കമ്മീഷണറായിരുന്ന രാജീവ് കുമാറാണ്. അന്വേഷണം ഫലപ്രദമായി നീങ്ങുന്നില്ലെന്ന ആരോപണങ്ങള്‍ക്ക് ഒടുവിൽ 2014ലാണ് സുപ്രീംകോടതി ബംഗാള്‍ പോലീസിന്‍റെ അന്വേഷണം അവസാനിപ്പിച്ച് കേസ് സിബിഐക്ക് നല്‍കിയത്.

കേസ് അന്വേഷണം ഏറ്റെടുത്ത സിബിഐ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ രാജീവ് കുമാർ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ചു എന്ന നിഗമനത്തിലാണ് എത്തിയത്. ഇതിന്‍റെ ഭാഗമായി ഇപ്പോള്‍ കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണറായ രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ സിബിഐ പലവട്ടം ശ്രമിച്ചെങ്കിലും അദ്ദേഹം അതിനോട് സഹകരിച്ചില്ല. ഇതിനെതിരെ സിബിഐ ഹൈക്കോടതിയെ സമീപിച്ചു. രാജീവ് കുമാറില്‍ നിന്നും മൊഴി ശേഖരിക്കാന്‍ സിബിഐയെ  ഹൈക്കോടതി അനുവദിച്ചു. ഈ ഉത്തരവിന്‍റെ ബലത്തില്‍ രാജീവിന്‍റെ വസതിയിലേക്ക് സിബിഐ ഉദ്യോഗസ്ഥര്‍ എത്തിയതോടെയാണ് ദേശീയരാഷ്ട്രീയത്തെ മൊത്തം ഇളക്കിമറിക്കാന്‍ കാരണമാക്കും വിധം ബംഗാള്‍ സര്‍ക്കാരും സിബിഐയും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത്.