ദില്ലി: എന്‍സിപിയില്‍ മന്ത്രിസ്ഥാനം വീതംവയ്ക്കില്ലെന്നും തോമസ് ചാണ്ടി മന്ത്രിയാകില്ലെന്നും പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാര്‍. എ.കെ. ശശീന്ദ്രന്‍ അഞ്ചു വര്‍ഷം മന്ത്രിയായി തുടരുമെന്ന് അദ്ദേഹം അറിയിച്ചു. എന്നാല്‍, മന്ത്രിസ്ഥാനത്തെക്കുറിച്ചു ധാരണകളുണ്ടെന്നും, തനിക്കു മന്ത്രിസ്ഥാനം നല്‍കാമെന്നു പ്രഫുല്‍ പട്ടേല്‍ പറഞ്ഞെന്നും തോമസ് ചാണ്ടി പറഞ്ഞുയ

എന്‍സിപി മന്ത്രിസ്ഥാനം വീതംവയ്ക്കുമെന്നാണു കുട്ടനാട് എംഎല്‍എകൂടിയായ തോമസ് ചാണ്ടി അവകാശപ്പെട്ടിരുന്നത്. രണ്ടര വര്‍ഷം ശശീന്ദ്രനും പിന്നീടു താനുമെന്നാണു ധാരണയെന്നാണു തോമസ് ചാണ്ടി പറഞ്ഞിരുന്നത്. എന്നാല്‍ ഇങ്ങനെയൊരു ധാരണയില്ലെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാര്‍ ഇന്നു വ്യക്തമാക്കിയത്.

മന്ത്രിസ്ഥാനം വീതംവയ്ക്കണമെന്ന ചര്‍ച്ച പാര്‍ട്ടിയില്‍ ഉണ്ടായിട്ടില്ലെന്നു ശരത് പവാര്‍ പറഞ്ഞു. പാര്‍ട്ടി ശശീന്ദ്രനെയാണു മന്ത്രിയായി തെരഞ്ഞെടുത്തത്. തോമസ് ചാണ്ടി പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തുടരുമെന്നും അദ്ദേഹം അറിയിച്ചു.

മന്ത്രിസ്ഥാനം സംബന്ധിച്ചു ധാരണകളുണ്ടെന്നും, കേന്ദ്ര നേതൃത്വത്തിന് എപ്പോള്‍ വേണമെങ്കിലും മാറ്റംവരുത്താവുന്നതാണെന്നും തോമസ് ചാണ്ടി പറഞ്ഞു.