അതിബുദ്ധി കാട്ടിയതിന് തിരിച്ചടി കിട്ടിയിരിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ ശശികലയ്‍ക്കെതിരെയുള്ള വിധിയോടുള്ള പ്രതികരണം. എന്തുകൊണ്ടാണ് തിരക്കിട്ട് മുഖ്യമന്ത്രിക്കസേര സ്വന്തമാക്കാന്‍ ശശികല തുനിഞ്ഞത് എന്ന് ഇപ്പോള്‍ തിരിച്ചറിയുന്നുവെന്നും സോഷ്യല്‍ മീഡിയയിലെ കമന്റുകളില്‍ പറയുന്നു.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിതയ്‍ക്കും ശശികലയ്‍ക്കും എതിരെയുള്ള ശിക്ഷ റദ്ദാക്കിയ കർണാടക ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി മരവിപ്പിക്കുകയായിരുന്നു. വിചാരണക്കോടതി വിധിച്ച നാല് വർഷം തടവ് ശിക്ഷ സുപ്രീം കോടതി ശരിവയ്ക്കുകയും ചെയ്തു. ഇതോടെ ശശികലയുടെ രാഷ്ട്രീയ ഭാവി ഇരുളടഞ്ഞു. തടവ് ശിക്ഷ നാലുകൊല്ലം അയതിനാല്‍ അത് കഴിഞ്ഞ് ആറുവര്‍ഷത്തോളം തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്നു ശശികല വിട്ടുനില്‍ക്കേണ്ടിവരും. അതായത് 10 കൊല്ലത്തോളം ശശികലയ്ക്ക് ജനാധിപത്യ പദവികള്‍ വഹിക്കാന്‍ കഴിയില്ല.

ജയലളിത മരണപ്പെട്ടതിനെ തുടര്‍ന്ന് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി പദവി ഏറ്റെടുത്ത ശശികല അധികം വൈകാതെ തന്നെ നിയസഭാകക്ഷി നേതാവാകുകയും ചെയ്‍തു. പക്ഷേ മുഖ്യമന്ത്രിക്കസേര ലക്ഷ്യമാക്കി ശശികല തുടര്‍ന്ന് നടത്തിയ നീക്കങ്ങള്‍ക്ക് എതിരെ കരുത്തനായ പനീര്‍ശെല്‍വം തന്നെ രംഗത്തെത്തുകയായിരുന്നു. മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ വരെ പൂര്‍ത്തിയാക്കിയെങ്കിലും ശശികലയ്‍ക്ക് പദവി ഏറ്റെടുക്കാനായില്ല. ഏറ്റവുമൊടുവില്‍ ഇപ്പോള്‍ ശശികലയ്‍ക്ക് എതിരെ കോടതി വിധിയും വന്നിരിക്കുന്നു. 10 കൊല്ലത്തോളം ശശികലയ്ക്ക് ജനാധിപത്യ പദവികള്‍ വഹിക്കാന്‍ കഴിയില്ല.