ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജയലളിതയുടെ കാര്യങ്ങള്‍ നിയന്ത്രിച്ചത് ശശികലയാണെന്ന വാര്‍ത്തകള്‍ തള്ളി ശശികലയുടെ മരുമകന്‍ ടി.ടി.വി ദിനകരന്‍. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിതയെ ദിവസത്തില്‍ വെറും മിനിറ്റുകള്‍ മാത്രമാണ് ശശികലയ്ക്ക് കാണാന്‍ അനുവാദമുണ്ടായതെന്ന് ദിനകരന്‍ പറഞ്ഞു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച സെപ്റ്റംബര്‍ 22 നു ജയലളിതയുടെ കൂടെ ശശികലയും ഉണ്ടായിരുന്നു. എന്നാല്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ കാര്യങ്ങള്‍ മാറുകയായിരുന്നു. ജയലളിതയ്ക്ക് അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകരെ ആശുപത്രി അധികൃതര്‍ കര്‍ശനമായി വിലക്കി. വിലക്ക് ശശികലയ്ക്കും ബാധകമായിരുന്നു. ഇതേ തുടര്‍ന്ന് വെറും മിനിറ്റുകള്‍ മാത്രമാണ് ശശികല ജയലളിതയെ കണ്ടിരുന്നത്.
ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പറഞ്ഞതെല്ലാം നുണയായിരുന്നെന്ന് തമിഴ്‌നാട് മന്ത്രി തുറന്നു പറഞ്ഞിരുന്നു. തമിഴ്‌നാട് വനംവകുപ്പ് മന്ത്രി സി. ശ്രീനിവാസനാണ് അമ്മ ജയലളിത ആശുപത്രിയില്‍ കഴിയുമ്പോള്‍ അവരുടെ ആരോഗ്യനിലയെ കുറിച്ച് പറഞ്ഞതെല്ലാം കള്ളമായിരുന്നെന്നും മാപ്പ് തരണമെന്നും തുറന്നു പറഞ്ഞത്. മഥുരയില്‍ നടന്ന ഒരു പൊതുപരിപാടിയിലായിരുന്നു മന്ത്രിയുടെ പരമര്‍ശം. ജയലളിതയുടെ തോഴിയായിരുന്ന ശശികല മാത്രമാണ് ജയലളിതയെ കണ്ടത്. അവര്‍ക്ക് മാത്രമായിരുന്നു അതിന് അനുമതിയുണ്ടായിരുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.
