കൊച്ചി:ശശികലക്കെതിരായ ആദായനികുതി വകുപ്പ് റെയ്ഡിന്‍റെ ഭാഗമായി കൊച്ചിയിൽ നടന്ന പരിശോധനയിൽ കണ്ടെത്തിയത് കോടികളുടെ ആഢംബര കാറുകൾ. ടിടിവി ദിനകരനുമായി ബന്ധമുളള സുകേഷ് ചന്ദ്രശേഖരന്‍റെ ഫ്ലാറ്റുകളിലാണ് പരിശോധന നടന്നത്.

രണ്ടില ചിഹ്നം കിട്ടാൻ ടിടിവി ദിനകരന് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച ഇടനിലക്കാരൻ സുകേഷ് ചന്ദ്രശേഖന്‍റെ ഫ്ലാറ്റുകളിൽ നിന്നാണ് ആഢംബരവാഹനങ്ങൾ പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പ് കമ്മീഷന് പണം കൊടുക്കാൻ ഇടനില നിന്ന കേസിൽ അറസ്റ്റിലായി തിഹാർ ജയിലിലാണ് സുകേഷിപ്പോൾ. ഇയാളുടെ ബെംഗളൂരു ഭവാനി നഗറിലുളള വീട്ടിൽ കഴിഞ്ഞ മാസം പന്ത്രണ്ടിന് ആദായിനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

അവിടെ നിന്ന് രണ്ട് ആഢംബര കാറുകളും കണക്കിൽപ്പെടാത്ത വസ്തുവകകളും കണ്ടെടുത്തു. കൂടുതൽ വാഹനങ്ങൾ ഇയാൾ വാങ്ങിയെന്ന് വ്യക്തമായതിനെത്തുടർന്നാണ് അന്വേഷണം കൊച്ചിയിലേക്ക് നീണ്ടത്. അഞ്ച് കോടിയിലധികം രൂപ പണമായി നൽകിയാണ് കാറുകൾ വാങ്ങിയതെന്നും സുകേഷിന്‍റെ അടുപ്പക്കാരനായ നവാസ് ആണ് ഇവ സൂക്ഷിക്കുന്നത് എന്നും കണ്ടെത്തി. തുടർന്ന് ഈ മാസം എട്ട് മുതൽ പത്ത് വരെ കൊച്ചിയിൽ പരിശോധന നടന്നു. നവാസിനെ ചോദ്യം ചെയ്ത് കൊച്ചിയിലെ പല ഫ്ലാറ്റുകളിൽ നിന്ന് ആറ് ആഢംബര കാറുകൾ പിടിച്ചെടക്കുകയായിരുന്നു.

ആഢംബര ബൈക്കും വാച്ചുകളും രേഖകളും ഉദ്യോഗസ്ഥർക്ക് കണ്ടെടുത്തു. ഇവ ബെംഗളൂരുവിലെ ആദായനികുതി വകുപ്പ് ഓഫീസിൽ കഴിഞ്ഞദിവസമാണ് എത്തിച്ചത്. നേരത്തെ വി കെ ശശികലയുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങളിൽ നടന്ന റെയ്ഡിൽ 1430 കോടിയുടെ വെളിപ്പെടുത്താത്ത സ്വത്ത് കണ്ടെത്തിയിരുന്നു.