സുപ്രീംകോടതി വിധി പറയാനിരിക്കുന്ന കേസിൽ ഉണ്ടായ പരമാർശം രഹസ്യ അജണ്ടയുടെ ഭാഗമാണ്. ഉപദേശ സമിതിയിൽ തുടരാൻ ടി.കെ.എ.നായർക്ക് അർഹതയില്ലെന്നും വിമര്‍ശനം.

തിരുവനന്തപുരം:ടി.കെ.എ.നായരുടെ ശബരിമല സ്ത്രീ പ്രവേശന പരാമർശത്തിൽ ദുരൂഹതയെന്ന് പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡന്‍റ് ശശികുമാർ. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പള്‍ സെക്രട്ടറിയും ശബരിമല ഉപദേശകസമിതി അധ്യക്ഷനുമായ ടി.കെ.എ.നായര്‍ പറഞ്ഞത്. 

എന്നാല്‍ സുപ്രീംകോടതി വിധി പറയാനിരിക്കുന്ന കേസിൽ ഉണ്ടായ പരമാർശം രഹസ്യ അജണ്ടയുടെ ഭാഗമാണ്. ഉപദേശ സമിതിയിൽ തുടരാൻ ടി.കെ.എ.നായർക്ക് അർഹതയില്ലെന്നും വിമര്‍ശനം. 1940-കളില്‍ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തിപരമായി അറിയാമെന്നായിരുന്നു ടികെഎ നായര്‍ പറഞ്ഞത്. 

വ്രതത്തിന്‍റെ പേരില്‍ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തത് കടുത്ത വിവേചനമാണ്. എന്‍റെ അറിവില്‍ ഭൂരിപക്ഷം പേരും 41 ദിവസം വ്രതം പോലുമെടുക്കാതെയാണ് ശബരിമലയില്‍ പോകുന്നത്. മലയ്ക്ക് പോകുന്നതിന്‍റെ തലേദിവസം മാത്രം വ്രതമെടുക്കുന്നവര്‍ പോലുമുണ്ട്. അങ്ങനെയിരിക്കെ ആര്‍ത്തവത്തിന്‍റെ പേരില്‍ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാതിരിക്കരുതെന്നും ടി.കെ.എ. നായര്‍ പറഞ്ഞിരുന്നു.