ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷക സത്യശ്രീ ശരർമ്മിള ഉദയകുമാറായി തമിഴ്നാട്ടിൽ ജനനം
തമിഴ്നാട്: തമിഴ്നാട്ടിലെ രാമനാഥപുരത്ത് ഉദയകുമാറായി ജനനം. പതിനെട്ടാമത്തെ വയസ്സിൽ തന്റെ ഉള്ളിലൊരു പെണ്ണുണ്ടെന്ന് തിരിച്ചറിഞ്ഞ് സത്യശ്രീ എന്ന സ്ത്രീയായി പെൺജീവിതം തുടങ്ങി. അഡ്വക്കേറ്റ് സത്യശ്രീ ശർമ്മിള എന്ന ട്രാൻസ്ജെൻഡർ അഭിഭാഷകയുടെ ജീവിതവഴികൾ ഇങ്ങനെയൊക്കെയാണ്. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ അഭിഭാഷകയാണ് സത്യശ്രീ ശർമ്മിള അടിച്ചമർത്തലുകളുടെയും പരിഹാസങ്ങളുടെയും അവഗണനയുടെയും നടുവിൽ നിന്നാണ് തന്റെ ജീവിതം ഇവിടം വരെയെത്തിയതെന്ന് ഇവർ പറയുന്നു. തന്നെപ്പോലെയുള്ള ഭിന്നലിംഗക്കാർക്ക് നീതി നേടിക്കൊടുക്കാൻ വേണ്ടിയാണ് താൻ വക്കീൽക്കുപ്പായം അണിഞ്ഞതെന്ന് സത്യശ്രീ അഭിമാനത്തോടെ വെളിപ്പെടുത്തുന്നു.
മുപ്പത്തിയാറ് വയസ്സുകാരിയായ സത്യശ്രീ തമിഴ്നാട് ബാർ കൗൺസിൽ അംഗമാണ്. സ്ത്രീയായി ജീവിതം ആരംഭിച്ചപ്പോൾ തന്നെ അഭിഭാഷക എന്ന മോഹം മനസ്സിലുണ്ടായിരുന്നു. പരമകുടിയിലെ കോളെജിൽ നിന്നും ബിരുദം കരസ്ഥമാക്കി സെലം ഗവൺമെന്റ് കോളേജിൽ നിയമപഠനത്തിന് ചേർന്നു. 2007 ൽ എൽഎൽ ബി പാസ്സായി. പിന്നീട് നടന്ന കഠിന പരിശ്രമത്തിലൂടെയാണ് തമിഴ്നാട് ബാർ കൗൺസിലിൽ അംഗത്വം നേടിയത്. സുപ്രീംകോടതി ഭിന്നലിംഗക്കാരോട് സ്വീകരിച്ച മനോഭാവവും പ്രചോദനമായി. 485 അംഗങ്ങളാണ് തമിഴ്നാട് ബാർ കൗൺസിലിൽ ഉള്ളത്. ഇന്ത്യയിലെ ആദ്യ ഭിന്നലിംഗക്കാരിയായ അഭിഭാഷക എന്ന വാക്ക് കേട്ടപ്പോൾ ഇത്രയും നാൾ അനുഭവിച്ച പ്രതിസന്ധികൾ മറന്നു എന്നാണ് സത്യശ്രീയുടെ വാക്കുകൾ.
