റിയാദ്: പൊതുമാപ്പ് കാലാവധി നീട്ടിയതിനു ശേഷം ഇരുനൂറോളം ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങാനുള്ള ഔട്ട്പാസിനായി സമീപിച്ചതായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. സൗദിയില്‍ നിയമലംഘകര്‍ക്ക് ശിക്ഷ കൂടാതെ നാട്ടിലേക്ക് മടങ്ങാനുള്ള പൊതുമാപ്പ് കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടിയിരുന്നു.
പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ കോണ്‍സുലേറ്റ് പരിധിയിലുള്ള ഇരുനൂറോളം ഇന്ത്യക്കാര്‍ ഇതുവരെ മുന്നോട്ടു വന്നതായി ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ഷെയ്ഖ് പറഞ്ഞു. ഡീപോര്‍ട്ടേഷന്‍ സെന്ററില്‍ പോയി എക്‌സിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കോണ്‍സുലേറ്റില്‍ നിന്നും ഇവര്‍ക്ക് ബസ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ നിന്നെത്തിയ ഹജ്ജ് തീര്‍ഥാടകരുടെ മടക്കയാത്ര ഈ മാസം അഞ്ചിന് അവസാനിക്കുമെന്നും കോണ്‍സുല്‍ ജനറല്‍ അറിയിച്ചു. മദീനയില്‍ നിന്നും മുംബെയിലെക്കായിരിക്കും അവസാനത്തെ വിമാന സര്‍വീസ്. മിനായില്‍ തീര്‍ഥാടകരുടെ അഭിരുചിക്കനുസരിച്ച ഭക്ഷണം ലഭിക്കുന്ന രൂപത്തില്‍ അടുത്ത വര്‍ഷം മുതല്‍ സര്‍വീസ് ഏജന്‍സികളെ നിശ്ചയിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബസ് എത്താത്തതിനാല്‍ നൂറുക്കണക്കിനു ഇന്ത്യന്‍ ഹാജിമാരുടെ അറഫയിലേക്കുള്ള യാത്ര ഇത്തവണ വൈകിയ സാഹചര്യത്തില്‍ അടുത്ത വര്‍ഷം മുതല്‍ എല്ലാ ഹാജിമാര്‍ക്കും മശായിര്‍ ട്രെയിന്‍ സൗകര്യം ലഭ്യമാക്കാന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെടും. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയുള്ള ഒന്നേകാല്‍ ലക്ഷം തീര്‍ഥാടകരില്‍ അറുപത്തിയെണ്ണായിരത്തോളം പേര്‍ക്ക് മാത്രമാണ് ഇത്തവണ ട്രെയിന്‍ സൗകര്യം ലഭിച്ചത്. മദീനയില്‍ ഹറംപള്ളിക്കടുത്ത മര്‍ക്കസിയ ഏരിയയില്‍ താമസ സൗകര്യം ലഭിക്കാത്ത ഹാജിമാര്‍ക്ക് മുന്നൂറ്റിയമ്പത് റിയാല്‍ വീതം തിരിച്ചു നല്‍കുമെന്നും നൂര്‍ റഹ്മാന്‍ ഷെയ്ഖ് പറഞ്ഞു.
