റിയാദ്: സൗദിയില്‍ പ്രവാചക വചനങ്ങളുടെ ഗവേഷണത്തിനായി പ്രത്യേക കേന്ദ്രം വരുന്നു. സല്‍മാന്‍ രാജാവിന്റെ പേരിലാണ് കേന്ദ്രം സ്ഥാപിക്കുന്നത്. കഴിഞ്ഞ ദിവസം സല്‍മാന്‍ രാജാവ് തന്നെയാണ് ഇത് സംബന്ധമായ ഉത്തരവ് ഇറക്കിയത്.
പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചര്യകളും പ്രവാചക വചനങ്ങളുടെ സന്ദേശങ്ങളും പ്രചരിപ്പിക്കുക, ഇതുസംബന്ധമായി ഗവേഷണം നടത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പ്രത്യേക കേന്ദ്രം ആരംഭിക്കുന്നത്. മദീന ആസ്ഥാനമായി ആരംഭിക്കുന്ന കേന്ദ്രത്തിനു കിങ് സല്‍മാന്‍ കോമ്പ്‌ലക്‌സ് ഫോര്‍ പ്രോഫറ്റ്'സ് ഹദീസ് എന്നായിരിക്കും പേര്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ രാജവിജ്ഞാപനത്തിലാണ് കേന്ദ്രം ആരംഭിക്കാന്‍ നിര്‍ദേശമുള്ളത്. ഹദീസുകള്‍ എന്നറിയപ്പെടുന്ന തിരുവചനങ്ങളെ കുറിച്ചുള്ള പഠനവും പ്രചാരണവുമാണ് പ്രധാനമായും ഈ കേന്ദ്രത്തില്‍ നടക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഹദീസ് പണ്ഡിതര്‍ അടങ്ങിയ സമിതിക്കായിരിക്കും കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല.
സൗദി ഉന്നത പണ്ഡിത സംഭാംഗം ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹസ്സന്‍ ആല് ശൈഖിനെ സമിതിയുടെ ചെയര്‍മാനായി രാജാവ് നിയോഗിച്ചു. പ്രസിഡന്റിനെയും സമിതി അംഗങ്ങളെയും പിന്നീട് രാജാവ് തന്നെ നിയമിക്കും. വിശുദ്ധ ഖുറാന്‍ കഴിഞ്ഞാല്‍ മുസ്ലിംകള്‍ ഏറ്റവും പ്രധാനമായി അവലംബിക്കുന്നത് ഹദീസുകളെയാണ്.
പ്രവാചക വചനങ്ങളുടെ ശാസ്ത്രീയ മാനം, ഹദീസ് ശേഖരണം, ഹദീസുകളെ വിഷയാധിഷ്ടിതമായി തരം തിരിക്കല്‍ തുടങ്ങിയവ ഈ കേന്ദ്രം പരിശോധിക്കും. നൂതനമായ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് പ്രമുഖ പണ്ഡിതരുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കുന്ന ഹദീസ് പഠന-ഗവേഷണ റിപ്പോര്‍ട്ടുകള്‍ ഈ കേന്ദ്രത്തില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്.
