റിയാദ്: സുരക്ഷ ഉറപ്പാക്കാന്‍ സൗദിയിൽ തൊഴിലാളികളുടെ പാര്‍പ്പിടങ്ങളില്‍ പരിശോധന. താമസസ്ഥലങ്ങൾ പലതും സുരക്ഷിതമല്ലെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന. വിവിധ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷാ ഉറപ്പാക്കുന്നതിന്നായാണ് സൗദി മുനിസിപ്പല്‍ ഗ്രാമ മന്ത്രാലയം വ്യാപകമായ പരിശോധനയ്ക്കാണ് തയ്യാറെടുക്കുന്നത്.

നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള തൊഴിലാളികളുടെ പാര്‍പ്പിടങ്ങളിൽ പലതും ഏറെ അപകട സാധ്യതയുള്ള സാഹചര്യത്തിലാണ്പരിശോധന നടത്തുന്നത്. തൊഴിലാളികളുടെ പാര്‍പ്പിടങ്ങള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളെ കുറിച്ച് നേരത്തെ മന്ത്രാലയം ഉത്തരവിറക്കിയിരുന്നെങ്കിലും പല കമ്പനികളും ഇത് പാലിച്ചിരുന്നില്ല.

തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ കൂടി ഉറപ്പാക്കുന്ന നിലക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് വിധേയമായി വേണം താമസ സംവിധാനം ക്രമീകരിക്കേണ്ടതെന്ന് തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചു. ഇക്കാര്യം ഉറപ്പാക്കുന്നതിനു ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കാളികളാവും. ബലദിയ്യ, സിവില്‍ ഡിഫന്‍സ് തുടങ്ങിയ വിഭാഗങ്ങള്‍ സംയുക്തമായി നടത്തുന്ന പരിശോധനകളില്‍ നിയമ ലംഘനം കണ്ടെത്തിയാൽ നടപടി സ്വീകിരിക്കാന്‍ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.