ജിദ്ദ: ഇഖാമ തൊഴില്‍ നിയമ ലംഘകരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50000 റിയാല്‍ പാരിതോഷികം നല്‍കുമെന്ന് സൗദി. പൊതുമാപ്പ് ഒരു കാരണവശാലും നീട്ടി നല്‍കുകയില്ലെന്ന് പൊതു സുരക്ഷാ വിഭാഗം അറിയിച്ചു. നിയമലംഘകരായ എല്ലാ ഇന്ത്യക്കാരും സൗദിയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ മുന്നോട്ടു വരണമെന്ന് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ അഹമദ് ജാവേദ് ആവശ്യപ്പെട്ടു.
പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കുന്ന എല്ലാ ഇന്ത്യക്കാരും എത്രയും പെട്ടെന്ന് അവസരം പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങണമെന്ന് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ അഹമദ് ജാവേദ് ആവശ്യപ്പെട്ടു. നേരത്തെയുണ്ടായിരുന്ന പൊതുമാപ്പുകളില്‍ നിന്ന് വ്യത്യസ്ഥമാണ് ഇത്തവണത്തെ പൊതുമാപ്പ്. നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് നിയമവിധേയമായി വീണ്ടും സൗദിയില്‍ വന്നു ജോലി ചെയ്യാന്‍ അവസരം ഉണ്ടെന്നു അഹമദ് ജാവേദ് ഓര്‍മിപ്പിച്ചു.
ഉള്‍പ്രദേശങ്ങളില്‍ ഉള്ള പല ഇന്ത്യക്കാരും ഇനിയും പൊതുമാപ്പിനെ കുറിച്ച് അറിയാത്തവരുണ്ട്. അവര്‍ക്കിടയില്‍ ഈ സന്ദേശം എത്തിക്കാന്‍ പൊതുപ്രവര്‍ത്തകര്‍ സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹായിലില്‍ പൊതുമാപ്പ് സേവനങ്ങളുമായി ബന്ധപ്പെട്ട് പൊതുപ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു അഹമദ് ജാവേദ്.
എയര്‍ ഇന്ത്യക്ക് പുറമേ, ഒമാന്‍ എയര്‍, ശ്രീലങ്കന്‍ എയര്‍ലൈന്‍സ്, എമിരേറ്റ്സ് തുടങ്ങിയ വിമാനക്കമ്പനികളും പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് ടിക്കറ്റില്‍ അമ്പത് ശതമാനം ഇളവുകള്‍ നല്‍കുന്നുണ്ടെന്ന് അഹമദ് ജാവേദ് പറഞ്ഞു. പൊതുമാപ്പ് കാലാവധിക്ക് ശേഷം പിടിക്കപ്പെടുന്ന നിയമലംഘകര്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടികള്‍ ഉണ്ടാകുമെന്ന അധികൃതരുടെ മുന്നറിയിപ്പ് അഹമദ് ജാവേദ് ഓര്‍മിപ്പിച്ചു.
പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന ഇന്ത്യക്കാര്‍ക്ക് ഇതുവരെ ഇരുപത്തി അയ്യായിരത്തോളം ഔട്ട്‌പാസുകള്‍ ഇഷ്യൂ ചെയ്തതായി അംബാസഡര്‍ അറിയിച്ചു. ഹായിലില്‍ മാത്രം നാനൂറോളം ഔട്ട്‌പാസുകള്‍ നല്‍കി. ഹുറൂബ് കേസില്‍ പെട്ടവരും, ഇഖാമയുടെ കാലാവധി കഴിഞ്ഞവരുമാണ് മടങ്ങിയ ഇന്ത്യക്കാരില്‍ കൂടുതലും. എംബസി പ്രതിനിധി അനില്‍ നോട്ടിയാല്‍, പൊതുപ്രവര്‍ത്തകരായ അസ്ഹര്‍ ഗിന്‍വാല, മുസ്തഫ വലിയവീട് തുടങ്ങിയവര്‍ സംസാരിച്ചു. ഹായില്‍ അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സആദ് ബിന്‍ അബ്ദുല്‍ അസീസുമയും അഹമദ് ജാവേദ് കൂടിക്കാഴ്ച നടത്തി.
