റിയാദ്: ചെങ്കടല്‍ തീരത്ത് അമ്പതിനായിരം കോടി ഡോളറിന്‍റെ പദ്ധതികള്‍ സൗദി ഒരുക്കുന്നു. സൗദി, ഈജിപ്ത്, ജോര്‍ദാന്‍ അതിര്‍ത്തികളില്‍ നടപ്പിലാക്കുന്ന പദ്ധതി വിദേശ നിക്ഷേപകര്‍ക്കും വിദേശ തൊഴിലാളികള്‍ക്കും പുതിയ പ്രതീക്ഷകള്‍ നല്‍കുന്നതാണ്. അമ്പതിനായിരം കോടി ഡോളറിന്‍റെ മെഗാ പദ്ധതിയാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇന്ന് പ്രഖ്യാപിച്ചത്.
ചെങ്കടല്‍ തീരത്ത് , ഈജിപ്ത്, ജോര്‍ദാന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍പ്പെടെ 26,500 ചതുരശ്ര കിലോമീറ്ററിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതുവഴി സൗദി ഏറ്റവും വലിയ സാമ്പത്തിക, സാമൂഹിക വിപ്ലവത്തിനാണ് തയ്യാറെടുക്കുന്നത്. നിയോം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ ജീവിക്കാനും, ജോലി ചെയ്യാനും നിക്ഷേപങ്ങള്‍ക്കും ഏറ്റവും സുരക്ഷിതമായ സാഹചര്യം ഒരുങ്ങുമെന്നാണ് പ്രതീക്ഷ. ഊര്‍ജം, ജലവിതരണം, ബയോടെക്നോളജി, ഭക്ഷ്യോല്‍പ്പന്നങ്ങള്‍, ടൂറിസം തുടങ്ങി വിവിധ മേഖലകളില്‍ പുതിയ പദ്ധതികള്‍ ആരംഭിക്കും.
വിദേശ നിക്ഷേപകര്‍ക്കും ആഭ്യന്തര നിക്ഷേപകര്‍ക്കും വിപുലമായ അവസരങ്ങളാണ് ഈ പദ്ധതിയിലൂടെ തുറന്നു കിട്ടുന്നത്. സ്വകാര്യ നിക്ഷേപങ്ങള്‍ക്കും, സര്‍ക്കാര്‍ സഹായത്തോടെയുള്ള നിക്ഷേപങ്ങള്‍ക്കും പദ്ധതി അവസരമൊരുക്കുമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയോടൊപ്പം ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴിലവസരങ്ങളും ഈ പദ്ധതിയിലൂടെ ഉണ്ടാകും.
എണ്ണയിതര വരുമാനമാര്‍ഗം കണ്ടെത്താനുള്ള സൗദിയുടെ ഏറ്റവും വലിയ പദ്ധതിയായിരിക്കും നിയോം. പദ്ധതിയുടെ ആദ്യഘട്ടം 2025-ഓടെ പൂര്‍ത്തിയാകും. പദ്ധതിക്ക് മേല്‍നോട്ടം വഹിക്കാനായി പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി രാജ്യത്ത് നിരവധി പദ്ധതികളാണ് വരുന്നത്.
വിദേശ തൊഴിലാളികളുടെ ജീവിത ചെലവ് ഒരു ഭാഗത്ത് കൂടുമ്പോള്‍, മെഗാ പദ്ധതികളിലൂടെ ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴിലവസരങ്ങളും നിക്ഷേപ സാധ്യതകളും ഒരുങ്ങുന്നു. വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുക, വനിതാ വല്‍ക്കരണം ശക്തമാക്കുക തുടങ്ങിയവ വഴി സാമൂഹിക-സാംസ്കാരിക മേഖലയിലും വലിയ മാറ്റങ്ങളാണ് രാജ്യത്ത് വന്നു കൊണ്ടിരിക്കുന്നത്.
