സൗദിയും ലോകവും ആകംക്ഷയോടെ കാത്തിരുന്ന സാമ്പത്തിക പരിവര്‍ത്തന പ്രഖ്യാപനത്തോടനുബന്ധിച്ചായിരുന്നു സൗദി ടെലിവിഷന്‍ അമീര്‍ മുഹമ്മദ് ബിന്‍ സല്മാനുമായുള്ള ആദ്യ അഭിമുഖം സംപ്രേഷണം ചെയ്തത്. സൗദി അറേബ്യയുടെ സമഗ്ര വികസനവും സാമ്പത്തിക സുസ്ഥിരതയും ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് ഉപ കിരീടാവകാശി പ്രഖ്യാപിച്ചത്.
രാജ്യത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദക കമ്പനിയായ സൗദി അരാംകോയുടെ ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് ഷെയര്‍ വില്‍ക്കും എന്നതാണ് ഇതില്‍ പ്രധാനമായത്. രണ്ടായിരത്തി ഇരുപതോടെ എണ്ണ വരുമാനമില്ലാതെ രാജ്യത്തിന് മുന്നേറാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ മേഖലയില്‍ ആവശ്യമായ യുദ്ധോപകരണങ്ങള്‍ രാജ്യത്ത് നിര്‍മ്മിക്കും.ഇതിനായി നൂറു ശതമാനം നിക്ഷേപം നടത്തും. സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതിന് രാജ്യത്തിന് പൊതു നിക്ഷേപ ഫണ്ട് രൂപികരിക്കും.
നിലവിലുള്ള ധനശേഖരം പുന:രൂപികരിക്കുക എന്നത് മുഖ്യ ലക്ഷ്യമാണ്. സൗദി അരാംകോ ഉള്‍പ്പടെ ഇതര സമ്പാദ്യങ്ങള്‍ എകോപിപ്പിച്ച് പുന:രൂപികരിക്കുന്ന ധനശേഖരം രാജ്യത്തിന്റെ സുസ്ഥിര വികസനത്തിനും ക്ഷേമത്തിനും കരുത്ത് പകരും.നിലവിലെ ധനശേഖരത്ത്തിന്‍റെ അടിസ്ഥാനത്തില്‍ ആഗോള നിക്ഷേപത്തിന്‍റെ പത്ത് ശതമാനം നിയന്ത്രിക്കുവാനുള്ള പണം രാജ്യത്തിനുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കി.
