സൗദിയില്‍ തൊഴില്‍ നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷകളില്‍ ഭേദഗതി വരുത്തി. തൊഴിലുടമകളുടെ നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷകളിലാണ് പ്രധാനമായും മാറ്റം വന്നിരിക്കുന്നത്. ലേബര്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയതല്ലാത്ത ജോലി ചെയ്യാന്‍ വിദേശ തൊഴിലാളികള്‍ക്ക് അനുമതി നല്‍കുക, സ്ഥാപനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലേബര്‍ ഓഫീസില്‍ അപ്‌ഡേറ്റ് ചെയ്യാതിരിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് തൊഴിലുടമ പതിനായിരം റിയാല്‍ പിഴ അടയ്‌ക്കേണ്ടി വരും. തൊഴിലാളിയുടെ സമ്മതമില്ലാതെ പാസ്‌പോര്‍ട്ട്, താമസരേഖയായ ഇഖാമ, മെഡിക്കല്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് എന്നിവ കൈവശം വെക്കുന്ന സ്‌പോണ്‍സര്‍ക്ക് രണ്ടായിരം റിയാല്‍ പിഴ ചുമത്തും.
വേതന സുരക്ഷാ പദ്ധതിപ്രകാരം നല്‍കേണ്ട വിവരങ്ങള്‍ ഓരോ മാസവും നല്‍കിയില്ലെങ്കില്‍ സ്ഥാപനം പതിനായിരം റിയാല്‍ പിഴ അടയ്‌ക്കേണ്ടി വരും. തൊഴിലാളികള്‍ക്ക് നല്‍കേണ്ട ആരോഗ്യ പരിരക്ഷ, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ തൊഴിലുടമയില്‍ നിന്നും പതിനയ്യായിരം റിയാല്‍ പിഴ ഈടാക്കും. പിഴ അടച്ച നിയമലംഘനങ്ങള്‍ക്ക് ഒരു മാസത്തിനുള്ളില്‍ പരിഹാരം കാണണം.
നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നപക്ഷം ഓരോ തവണയും പിഴസംഖ്യ ഇരട്ടിച്ചു കൊണ്ടിരിക്കും. ഇതിനു പുറമേ പല കുറ്റങ്ങള്‍ക്കുമുള്ള ശിക്ഷകളില്‍ ഭേദഗതി വരുത്തിയിട്ടുണ്ട് തൊഴില്‍ മന്ത്രാലയം. പിഴയ്ക്ക് പുറമേ പല കുറ്റങ്ങള്‍ക്കും തടവ് ശിക്ഷയും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. ശിക്ഷാ നിയമങ്ങളില്‍ മാറ്റം വരുത്തിയുള്ള തൊഴില്‍ നിയമ ഭേദഗതിക്ക് തൊഴില്‍ മന്ത്രി അലി അല്‍ ഗഫീസ് അംഗീകാരം നല്‍കി.
