സൗദിയില്‍ അഴിമതി വിരുദ്ധ നിയമം കൂടുതൽ കർക്കശമാക്കുന്നു. കൈക്കൂലി വാങ്ങുകയോ നൽകുകയോ ചെയ്യുന്നവര്‍ക്കെതിരെ കൂടുതൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. കൈക്കൂലി ഇടപാടുവിവരം കൈമാറുന്നവർക്ക് പിടിച്ചെടുക്കുന്ന തുകയുടെ പാതി പാരിതോഷികമായി നൽകും. സമീപ കാലത്ത് കൈക്കൂലിക്കേസുകളിൽ വൻ വർദ്ധനവ് ഉണ്ടായതിനെ തുടർന്നാണ് നടപടി.

കോഴ വാങ്ങുന്നതും നല്‍കുന്നതും ശിക്ഷാര്‍ഹാമാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അത് ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് പൊതുജനങ്ങളോട് അധികൃതര്‍ ആവശ്യപ്പെട്ടു. വിവരം നല്‍കുന്നവര്‍ക്ക് പിടിച്ചെടുക്കുന്ന കോഴപ്പണത്തിന്‍റെ പകുതി പാരിതോഷികമായി നല്‍കുമെന്ന്Administrative Investigation Directorate നെ ഉദ്ധരിച്ചു കൊണ്ട് പ്രമുഖ അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

980 എന്ന നമ്പരില്‍ വിളിച്ചോ ബന്ധപ്പെട്ട ഓഫീസില്‍ നേരിട്ടോ പരാതിപ്പെടാവുന്നതാണ്. പരാതി നല്‍കുന്നവരുടെ പേരു വിവരങ്ങള്‍ ഒരു കാരണവശാലും പുറത്ത് വിടില്ലെന്ന് അധികൃതര്‍ ഉറപ്പ് നല്‍കി. അതുകൊണ്ട് തന്നെ കൈക്കൂലി വാങ്ങുന്ന മേലുധ്യോഗസ്ഥരെ കുറിച്ചും സഹപ്രവര്‍ത്തകരെ കുറിച്ചും ഭയം കൂടാതെ പരാതിപ്പെടാവുന്നതാണ്. ഇത് സംബന്ധമായ അന്വേഷണം നടത്തുന്നതും തികച്ചും സ്വകാര്യമായിരിക്കും.

സമീപകാലത്ത് ഡയറക്ടറേറ്റ് ആയിരത്തി എഴുനൂറിലധികം കൈക്കൂലി കേസുകള്‍ കൈകാര്യം ചെയ്തു. ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പിടിയിലായി. ഇതില്‍ സ്വദേശികളും വിദേശികളും ഉണ്ട്. കോഴക്കെതിരെ തൊഴില്‍മന്ത്രാലയം പ്രത്യേക കാമ്പയിന്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയിരുന്നു. കോഴയുടെ ഭവിഷത്തുകളെ കുറിച്ചും ശിക്ഷാ നടപടികളെ കുറിച്ചും ബോധവല്‍ക്കരിച്ചു കൊണ്ടുള്ള എസ്.എം.എസ് സന്ദേശം പലര്‍ക്കും ലഭിച്ചു. കൈക്കൂലിയുമായി ബന്ധപ്പെട്ട പരാതികള്‍ സമീപകാലത്ത് വര്‍ധിച്ച സാഹചര്യത്തിലാണ് കാമ്പയിന്‍ നടത്തിയതെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തു.