റിയാദ്: തൊഴിലാളികളുടെ സുരക്ഷയിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സൗദി ഇൻഷൂറൻസ് ഓർഗനൈസേഷൻ. കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ എണ്ണായിരത്തിനടുത്ത് തൊഴിലാളികള്‍ക്ക് പരിക്ക് പറ്റിയതായി റിപ്പോര്‍ട്ട് വന്ന സാഹചര്യത്തിലാണ് ഇൻഷൂറൻസ് ഓർഗനൈസേഷന്റെ നിർദേശം.

ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്‍റെ കണക്ക് പ്രകാരം സൗദിയില്‍ കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ ജോലിക്കിടെ 7,908 പേര്‍ക്ക് അപകടങ്ങളില്‍ പരിക്ക് പറ്റി. 3,601 തൊഴിലാളികള്‍ക്ക് ഈ മേഖലയില്‍ മാത്രം പരിക്ക് പറ്റി. തൊഴിലാളികളുടെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ മുന്‍കരുതലുകളും ഒരുക്കണമെന്ന് ഗോസി സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇന്‍ഷുറന്‍സ് പോളിസി നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഒരു ലക്ഷം റിയാല്‍ വരെ പിഴയും മുപ്പത് ദിവസം വരെ സ്ഥാപനം അടച്ചു പൂട്ടലും ആയിരിക്കും ആദ്യഘട്ടത്തില്‍ ലഭിക്കുന്ന ശിക്ഷ. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ സംഖ്യ ഇരട്ടിക്കുന്നതിനു പുറമേ സ്ഥാപനം എന്നെന്നേക്കുമായി അടച്ചു പൂട്ടും. സുരക്ഷാ ക്രമീകരണങ്ങളും, രേഖകളും പരിശോധിക്കാന്‍ അധികൃതര്‍ക്ക് അധികാരം ഉണ്ടായിരിക്കും. പ്രവൃത്തി സമയത്ത് സ്ഥാപനത്തെ മുന്‍കൂട്ടി അറിയിക്കാതെ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരിശോധന നടത്താം. സുരക്ഷാ മുന്‍കരുതലുകളെ കുറിച്ച വിശദമായ റിപ്പോര്‍ട്ട്‌ അപ്പപ്പോള്‍ അറിയിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ഗോസി നിര്‍ദേശം നല്‍കി.