സൗദിയില്‍ ഇന്റര്‍നാഷണല്‍ സ്കൂളുകള്‍ക്കായി പുതിയ കെട്ടിടങ്ങള്‍ പണിയാന്‍ കൗണ്‍സില്‍ ഓഫ് സൗദി ചേംബേഴ്‌സ് രംഗത്ത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാത്ത പല സ്കൂളുകളും അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് നീക്കം.


സ്കൂളിനു വേണ്ടി നിര്‍മിച്ചതല്ലാത്ത വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നൂറുക്കണക്കിനു സ്വകാര്യ ഇന്റര്‍നാഷണല്‍ സ്കൂളുകള്‍ രാജ്യത്തുണ്ടെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം കണ്ടെത്തിയിരുന്നു. ഇവ എത്രയും പെട്ടെന്ന് മതിയായ സൗകര്യമുള്ള കെട്ടിടങ്ങളിലേക്ക് മാറിയില്ലെങ്കില്‍ അടച്ചു പൂട്ടേണ്ടി വരും. ഇതോടെ ലക്ഷക്കണക്കിന്‌ വിദ്യാര്‍ഥികളുടെയും പതിനായിരക്കണക്കിന് ജീവനക്കാരുടെയും ഭാവി അനിശ്ചിതത്വത്തിലാകും. ഇതിനു പരിഹാരം കാണുന്നതിനു വേണ്ടിയാണ് പുതിയ സ്കൂള്‍ കെട്ടിടങ്ങള്‍ പണിയുന്നത്. 2019 ഓടെ ചുരുങ്ങിയത് നൂറു ഇന്റര്‍നാഷണല്‍ സ്കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുമെന്ന് കൌണ്‍സില്‍ ഓഫ് സൗദി ചേമ്പേഴ്‌സ് അറിയിച്ചു. ആദ്യഘട്ടത്തില്‍ റിയാദ്, ജിദ്ദ, ദമാം എന്നീ പ്രധാന നഗരങ്ങളില്‍ അമ്പത് സ്കൂളുകള്‍ നിര്‍മിക്കും. ഏതാണ്ട് ഒരു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് ഇവിടെ പഠിക്കാനുള്ള സൗകര്യമുണ്ടാകും. രണ്ടാം ഘട്ടത്തില്‍ തിരക്കേറിയ മറ്റു സ്ഥലങ്ങളില്‍ അമ്പത് സ്കൂളുകള്‍ പണിയും. രണ്ട് കോടി മുതല്‍ നാല് കോടി റിയാല്‍ വരെയാണ് ഒരു സ്കൂള്‍ പണിയാന്‍ പ്രതീക്ഷിക്കുന്ന ചെലവ്. ഏഴു വര്‍ഷത്തിനിടയില്‍ മുടക്ക് മുതല്‍ തിരിച്ചു ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നു കൌണ്‍സില്‍ ഓഫ് സൗദി ചേമ്പേഴ്‌സ് പറഞ്ഞു. സമീപവാസികളുടെ ആവശ്യങ്ങളും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങളും പരിഗണിച്ചായിരിക്കും കെട്ടിടം പണിയുക. പുതിയ കെട്ടിടങ്ങള്‍ വരുന്നതോടെ നിലവിലുള്ള പല സ്കൂളുകളും അവയിലേക്ക് മാറും. ഇതിനു സാധിക്കാത്ത പല സ്കൂളുകളും അടച്ചുപൂട്ടേണ്ടി വരും. പകരം പുതിയ സ്കൂളുകള്‍ നിലവില്‍ വരുമെന്നാണ് പ്രതീക്ഷ.