വിദേശികളുമായുള്ള വിവാഹ ബന്ധത്തെ നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇതുസംബന്ധമായ നിയമം കര്‍ശനമാക്കുന്നത്. വിവാഹ ശേഷം കുടുംബ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് വിവാഹത്തിന് മുമ്പ് തന്നെ മെഡിക്കല്‍ ടെസ്റ്റ് നിര്‍ബന്ധമാക്കുന്നതെന്നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിവാഹം ചെയ്യുന്ന വിദേശി ലഹരിയോ മദ്യമോ ഉപയോഗിക്കുന്നവരാണോ എന്ന് പരിശോധനയിലൂടെ കണ്ടെത്താനാകും. സൗദികളെ വിവാഹം ചെയ്യുന്നവര്‍ ലഹരിക്ക് അടിമകളായിരിക്കരുത് എന്നതാണ് വിവാഹവുമായി ബന്ധപ്പെട്ട ഒരു നിബന്ധന. 

പരിശോധന സംബന്ധമായ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം രാജ്യത്തെ ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും ലഭിച്ചു. വിവാഹം ചെയ്യുന്ന സൗദികള്‍ക്ക് മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാണെന്ന രൂപത്തില്‍ സോഷ്യല്‍ മീഡിയകളില്‍ നടക്കുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും വിദേശികള്‍ക്ക് മാത്രമേ പരിശോധന നിര്‍ബന്ധമുള്ളൂ എന്നും മന്ത്രാലയം വ്യക്തമാക്കി. വിവാഹ മോചനത്തിന്റെയും സ്വത്തവകാശസംബന്ധമായ തര്‍ക്കങ്ങളുടെയും തോത് കുറയ്ക്കുക എന്നതും പുതിയ നിയമം കൊണ്ട് ലക്ഷ്യം വെക്കുന്നതായി അധികൃതര്‍ അറിയിച്ചു. 

നിലവിലുള്ള നിയമപ്രകാരം മുപ്പതിനും അമ്പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള സൗദി വനിതകള്‍ക്ക് മാത്രമേ വിദേശികളെ വിവാഹം ചെയ്യാന്‍ അനുമതി ലഭിക്കുകയുള്ളൂ. വിദേശികളെ വിവാഹം ചെയ്യുന്ന സൗദി പുരുഷന്മാരുടെ പ്രായം നാല്‍പ്പതിനും അറുപതിയഞ്ചിനും ഇടയില്‍ ആയിരിക്കണം. വിവാഹിതരാകുന്ന സൗദി വനിതയുടെയും വിദേശ പുരുഷന്റെയും ഇടയിലെ പ്രായവ്യത്യാസം പത്തു വയസില്‍ കൂടാന്‍ പാടില്ല. ചുരുങ്ങിയത് മുവ്വായിരം റിയാല്‍ വരുമാനവും സ്വന്തമായി ഫ്‌ലാറ്റും ഉള്ള സൗദി പുരുഷന്മാര്‍ക്ക് മാത്രമേ വിവാഹം ചെയ്യാന്‍ അനുമതി നല്‍കുകയുള്ളൂ എന്നും നിലവിലുള്ള നിയമത്തില്‍ പറയുന്നു.