സ്വദേശിവത്ക്കരണത്തിന്‍റെ ഭാഗമായി സൗദിയില്‍ ഞായറാഴ്ചക്ക് ശേഷം വിദേശികളെ ജ്വല്ലറികളില്‍ ജോലി ചെയ്യാന്‍ അനുവദിക്കില്ല. വിദേശികളെ കണ്ടെത്തിയാല്‍ ഇരുപതിനായിരം റിയാല്‍ പിഴ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ചയാണ് ഈ മേഖലയില്‍ സന്പൂര്‍ണ സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍ വരുന്നത്

അടുത്ത ഞായറാഴ്ചയാണ് സൗദിയിലെ ജ്വല്ലറികളില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം പ്രാബല്യത്തില്‍ വരുന്നത്. ഞായറാഴ്ച മുതല്‍ ജ്വല്ലറികളില്‍ ശക്തമായ പരിശോധന ഉണ്ടായിരിക്കുമെന്നും ഈ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ്നല്കി. ജ്വല്ലറികളില്‍ ജോലി ചെയ്യുന്ന വിദേശിക്ക് ഇരുപതിനായിരം റിയാല്‍ പിഴ ചുമത്തുമെന്ന് തൊഴില്‍ മന്ത്രാലയത്തെ ഉദ്ധരിച്ചു കൊണ്ട് പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തു. നിയമലംഘനം നടത്തിയ ജ്വല്ലറിയോ ജ്വല്ലറിയുടമയോ ആണ് പിഴ അടയ്ക്കേണ്ടത്.

ജ്വല്ലറികളിലെ സ്വദേശീവല്‍ക്കരണം ഉറപ്പ് വരുത്താന്‍ ഗോള്‍ഡ്‌ മാര്‍ക്കറ്റുകളിലും ഷോപ്പിംഗ്‌ മാളുകളിലും സ്ഥിരം പരിശോധകരെ നിയമിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ജ്വല്ലറികളില്‍ സമ്പൂര്‍ണ സ്വദേശീവല്‍ക്കരണം പ്രാബല്യത്തില്‍ വരുന്നതോടെ നൂറുക്കണക്കിനു ജ്വല്ലറികള്‍ അടച്ചു പൂട്ടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടും. വില്‍പനയ്ക്ക് പുറമേ ജ്വല്ലറിയുമായി ബന്ധപ്പെട്ട മറ്റു മേഖലകളിലും സമ്പൂര്‍ണ സൗദിവല്‍ക്കരണം കൊണ്ടു വരാനാണ് നീക്കം. ജ്വല്ലറി സൗദിവല്‍ക്കരണം വര്‍ഷങ്ങള്‍ക്ക് മുമ്പ് തീരുമാനിച്ചതാണെങ്കിലും പല കാരണങ്ങളാല്‍ നടപ്പിലായിരുന്നില്ല. രണ്ട് മാസത്തിനുള്ളില്‍ പദ്ധതി പ്രാബല്യത്തില്‍ വരുമെന്നും ഇതിനകം വിദേശികളെ ഒഴിവാക്കണമെന്നും ഇക്കഴിഞ്ഞ ഒക്ടോബര്‍ ആദ്യത്തിലാണ് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചത്. ഈ സമയപരിധി ശനിയാഴ്ച അവസാനിക്കും.