സൗദിയിൽ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 12 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് തൊഴിൽ മന്ത്രാലയം. 2022 വരെ പ്രതിവർഷം ശരാശരി രണ്ട് ലക്ഷത്തി നാൽപ്പതിനായിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 12.8ൽ നിന്ന് 9 ശതമാനമാക്കി കുറയ്ക്കുകയാണ് ലക്ഷ്യം. സ്വകാര്യ മേഖലയിൽ സ്വദേശികൾക്കു തൊഴിൽ നൽകാൻ പ്രത്യേക ഏജൻസി രൂപികരിച്ചു. സന്പൂർണ സ്വദേശിവൽക്കരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും തൊഴിൽ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
2022 വരെയുള്ള കാലയളവിൽ പ്രതിവർഷം ശരാശരി 240000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയം വ്യക്തമാക്കി.സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 2022 ഓടെ ഒൻപതു ശതമാനമായി കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. കഴിഞ്ഞ വർഷം അവസാനത്തെ കണക്കു പ്രകാരം സൗദിയിലെ തൊഴിലില്ലായ്മ നിരക്ക് 12.8 ശതമാനമാണ്.
സ്വകാര്യ മേഖലയിൽ സ്വദേശികൾക്കു തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് തൊഴിൽ മന്ത്രാലയത്തിന് കീഴിൽ പ്രത്യേക വകുപ്പ് സ്ഥാപിക്കുന്നതിന് മന്ത്രിസഭാ തീരുമാനിച്ചിരുന്നു. സ്വദേശികൾക്കു തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായി ഈ വർഷം കൂടുതൽ മേഘലകളിലാണ് സമ്പൂർണ സ്വദേശിവൽക്കരണം നടപ്പിലാക്കുന്നത്. ഇത് മലയാളികൾ ഉൾപ്പെടെ നിരവധി വിദേശികളുടെ തൊഴിൽ നഷ്ടമാകാൻ ഇടയാക്കും.
