റിയാദ്: അടുത്ത വര്‍ഷം മുതല്‍ എല്ലാ രാജ്യങ്ങളിലും ഇലക്‌ട്രോണിക് ഹജ്ജ് വിസ ലഭ്യമാക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ എംബാര്‍ക്കെഷന്‍ പോയിന്റുകളില്‍ നിന്ന് സൗദിയുടെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും അടുത്ത വര്‍ഷം അവസരം ഒരുക്കും.

എല്ലാ രാജ്യങ്ങള്‍ക്കും ഇലക്‌ട്രോണിക് ഹജ്ജ് വിസ അനുവദിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സൗദി ഹജ്ജ് ഉംറ സഹമന്ത്രി അബ്ദുല്‍ ഫതാഹ് ബിന്‍ സല്‍മാന്‍ അറിയിച്ചു. അടുത്ത ഹജ്ജ് മുതല്‍ ഇത് പ്രാബല്യത്തില്‍ കൊണ്ട് വരാനാണ് ശ്രമം. വിദേശ രാജ്യങ്ങളുടെ ഹജ്ജ് മിഷനുകളുമായി ഇതുസംബന്ധമായി ചര്‍ച്ച ചെയ്യും. ഹജ്ജ് നടപടിക്രമങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് ഇലക്‌ട്രോണിക് വിസ കൊണ്ട് വരുന്നത്. ഇലക്‌ട്രോണിക് വിസകള്‍ വരുന്നതോടെ തീര്‍ഥാടകര്‍ സൗദിയില്‍ എത്തി തിരിച്ചു പോകുന്നത് വരെയുള്ള നീക്കങ്ങളും അവര്‍ക്ക് നല്‍കുന്ന സേവനങ്ങളും ഓണ്‍ലൈന്‍ വഴി നിരീക്ഷിക്കാന്‍ ഹജ്ജ് മന്ത്രാലയത്തിനു സാധിക്കും. ഹജ്ജ് സേവനം ചെയ്യുന്ന വിവിധ വകുപ്പുകളുമായി ഇ വിസ ലിങ്ക് ചെയ്യും. ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങള്‍ക്ക് മുന്‍ വര്‍ഷങ്ങളില്‍ ഇലക്‌ട്രോണിക് ഹജ്ജ് വിസ അനുവദിച്ചത് വിജയകരമായി കണ്ടതിനെ തുടര്‍ന്നാണ്‌, മറ്റു രാജ്യങ്ങള്‍ക്കും വിസ അനുവദിക്കുന്നത്. പാസ്പോര്‍ട്ടില്‍ വിസ സ്റ്റാമ്പ്‌ ചെയ്യുന്നതിന് പകരം പ്രത്യേക പേപ്പറിലാണ് ഇലക്‌ട്രോണിക് വിസ അടിക്കുന്നത്. ഇതില്‍ രേഖപ്പെടുത്തിയ ബാര്‍കോഡ് വഴി തീര്‍ഥാടകരുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങള്‍ അറിയാം. ഹജ്ജ് തീര്‍ഥാടകരുടെ സൗദിയിലെ ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ അവരവരുടെ രാജ്യങ്ങളില്‍ വെച്ച് തന്നെ പൂര്‍ത്തിയാക്കാനുള്ള നടപടിക്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. മലേഷ്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് കഴിഞ്ഞ വര്‍ഷം ഈ സേവനം ലഭിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കും അടുത്ത ഹജ്ജിനു എംബാര്‍ക്കെഷന്‍ പോയിന്റുകളില്‍ നിന്ന് ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാമെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് സൗദിയില്‍ വിമാനമിറങ്ങി നേരെ പുറത്ത് വരാം.