വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിനു ആദ്യത്തെ വര്‍ഷം ആറു ശതമാനം നികുതി ഈടാക്കാനാണ് നിര്‍ദേശം. പിന്നീടുള്ള ഓരോ വര്‍ഷവും നികുതി കുറയും. അഞ്ചാമത്തെ വര്‍ഷം മുതല്‍ നികുതി രണ്ട് ശതമാനമായിരിക്കും. ജനറല്‍ ഓഡിറ്റിംഗ് ബ്യൂറോ പ്രസിഡന്റ്‌ ഹുസൈന്‍ അല അങ്കരിയാണ് ഇതു സംബന്ധമായ കരട് നിയമം തയ്യാറാക്കി ശൂറാ കൌണ്‍സിലിന് സമര്‍പ്പിച്ചത്. കരടിന് ധനകാര്യ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതോടെയാണ് ഇതു സംബന്ധമായി പഠനം നടത്താന്‍ ശൂറാ കൌണ്‍സില്‍ തീരുമാനിച്ചത്. വിദേശികള്‍ക്കുള്ള സര്‍ക്കാര്‍ സേവനം മെച്ചപ്പെടുത്തുക, നിയമവിരുദ്ധമായി പണം സമ്പാദിക്കുന്നത് തടയുക തുടങ്ങിയവയും ഈ നീക്കത്തിന് പിന്നിലുണ്ട്. 

വിദേശികളില്‍ നിന്ന് ഈടാക്കുന്ന നികുതിയും ഈ രംഗത്ത് നിന്നുള്ള പിഴ സംഖ്യയും സൗദി മോണിട്ടറി ഏജന്‍സിയുടെ പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കും. സൗദിയില്‍ നിന്ന് പുറത്തേക്ക് പോകുമ്പോള്‍ നികുതി ഇല്ലാതെ കൈവശം വെക്കാവുന്ന തുക, നികുതി ഈടാക്കാനുള്ള മാര്‍ഗങ്ങള്‍, നികുതി അടയ്‌ക്കാത്തവര്‍ക്കുള്ള ശിക്ഷ, നാട്ടിലേക്കയക്കാവുന്ന പണത്തിന്റെ അളവ് തുടങ്ങിയവയെല്ലാം കരട് നിയമത്തില്‍ വിശദമായി പറയുന്നുണ്ട്. നിയമം ലംഘിച്ചാല്‍ നികുതിക്ക് പുറമെ നികുതിക്ക് തുല്യമായ തുക പിഴ ഈടാക്കാനാണ് നിര്‍ദേശം. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിക്കും. നികുതി ഈടാക്കാതെ പണമയക്കാന്‍ സഹായിക്കുന്നവര്‍ക്കും തുല്യമായ തുക പിഴ ചുമത്താന്‍ കരട് നിയമം നിര്‍ദേശിക്കുന്നു. നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഒരു കോടിയോളം വരുന്ന വിദേശികള്‍ക്ക് നാട്ടിലേക്ക് പണമയക്കുന്നതിനുള്ള ചെലവ് കൂടും.