റിയാദ്: സൗദി വനിതകള്‍ക്ക് ഇനി റസ്റ്റോറന്‍റുകളിലും ജോലി ചെയ്യാം. സൗദി വനിതകള്‍ക്ക് റസ്റ്റോറന്റില്‍ ജോലി ചെയ്യാന്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. തൊഴിലില്ലായ്മയുടെ തോത് കുറച്ചു കൊണ്ട് വരികയാണ് പദ്ധതിയുടെ ലക്ഷ്യം. കൗണ്‍സില്‍ ഓഫ് സൗദി ചേംബേഴ്സ് ആണ് റസ്റ്റോറന്റില്‍ കൂടുതല്‍ സൗദി വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കുന്ന പദ്ധതി തയ്യാറാക്കുന്നത്. 

പരീക്ഷണാടിസ്ഥാനത്തില്‍ പതിനാറ് റസ്റ്റോറന്റുകളില്‍ സൗദി വനിതകളെ നിയമിക്കും. ഇതുസംബന്ധമായി കൗണ്‍സില്‍ റസ്റ്റോറന്റ് ഉടമകളുമായി ചര്‍ച്ച നടത്തും. നിലവില്‍ ചില റസ്റ്റോറന്റുകളില്‍ സൗദി വനിതകള്‍ ജോലി ചെയ്യുന്നുണ്ട്. കൂടുതല്‍ സൗദി വനിതകള്‍ക്ക് ജോലി കണ്ടെത്തി തൊഴിലില്ലായ്മ കുറച്ചു കൊണ്ട് വരികയാണ് പുതിയ പദ്ധതിയുടെ ലക്‌ഷ്യം. നിലവില്‍ സൗദി തൊഴില്‍ വിപണിയില്‍ ഇരുപത് ശതമാനം മാത്രമാണ് വനിതകള്‍. 

2030 ആകുമ്പോഴേക്കും ഇത് മുപ്പത് ശതമാനമായി വര്‍ധിപ്പിക്കാനാണ് നീക്കം. സ്ത്രീകള്‍ക്കിടയിലെ തൊഴിലില്ലായ്മ മുപ്പത്തിമൂന്നു ശതമാനമാണ്. 2015-ലെ കണക്കനുസരിച്ച് സൗദിയില്‍ ഒരു വര്‍ഷം റസ്റ്റോറന്റ് മേഖലയില്‍ 510 കോടി ഡോളറിന്റെ വിറ്റുവരവുണ്ട്. റിയാദ് ഗവര്‍ണറുടെ പത്നി നൂറ ബിന്‍ത് മുഹമ്മദ്‌ ആണ് പുതിയ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. 

തൊഴില്‍ വിപണിയിലേക്ക് കൂടുതല്‍ സൗദി വനിതകളെ കൊണ്ട് വരാന്‍ കൌണ്‍സില്‍ നടപ്പിലാക്കുന്ന ഏഴു പദ്ധതികളില്‍ ഒന്നാണ് റസ്റ്റോറന്റ് മേഖല. അതേസമയം സൗദി പാസ്പോര്‍ട്ട്‌ വിഭാഗത്തില്‍ ഒഴിവുള്ള നൂറ്റിനാല്‍പ്പത് തസ്തികകളിലേക്ക് കഴിഞ്ഞ ദിവസം അപേക്ഷ നല്‍കിയത് ഒരു ലക്ഷത്തി ഏഴായിരം സൗദി വനിതകളാണ്.