ജിദ്ദ: സൗദിയില്‍ ജൂണ്‍ മുതല്‍ സ്വദേശി വനിതകള്‍ക്ക് ടാക്സി കാറുകളും ഓടിക്കാം. ഇതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറായി വരികയാണെന്ന് പൊതു ഗതാഗത വകുപ്പ് അറിയിച്ചു. വനിതാ യാത്രക്കാര്‍ക്കായുള്ള ടാക്സികള്‍ ഓടിക്കാന്‍ അനുമതി നല്‍കാനാണ് നീക്കം. 

അടുത്ത ജൂണില്‍ ആണ് സൗദിയില്‍ വനിതകള്‍ക്ക് വാഹനം ഓടിക്കാനുള്ള നിയമം പ്രാബല്യത്തില്‍ വരുന്നത്. ഇതോടെ സൗദിവനിതകള്‍ക്ക് ടാക്സി കാറുകള്‍ ഓടിക്കാനുള്ള അനുമതിയും നല്‍കുമെന്ന് പബ്ലിക്‌ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ റുമായ് അല്‍ റുമായ് അറിയിച്ചു. ഇതുസംബന്ധമായ മാര്‍ഗ നിര്‍ദേശങ്ങള്‍ അതോറിറ്റി തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. വനിതകള്‍ മാത്രം യാത്ര ചെയ്യുന്ന ടാക്സികള്‍ ഓടിക്കാനേ അനുമതി നല്‍കുകയുള്ളൂ. ഓണ്‍ലൈന്‍ ടാക്സി കമ്പനികളും വനിതാ ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യാനുള്ള നീക്കത്തിലാണ്. കരീം ഓണ്‍ലൈന്‍ ടാക്സി കമ്പനിക്ക് കീഴില്‍ ആദ്യഘട്ടത്തില്‍ പതിനായിരത്തോളം വനിതാ ഡ്രൈവര്‍മാരെ നിയമിക്കാന്‍ ഉദ്ദേശിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. 

നിരവധി സൗദി വനിതകള്‍ ടാക്സി ഡ്രൈവര്‍മാരായി ജോലി ചെയ്യാന്‍ മുന്നോട്ടു വരുന്നതായാണ് റിപ്പോര്‍ട്ട്‌. വനിതാ ഡ്രൈവിംഗ് സ്കൂള്‍, വനിതാ ട്രാഫിക് പോലീസ് തുടങ്ങിയവ ഉടന്‍ നിലവില്‍ വരും. ഗതാഗത നിയമലംഘനം നടത്തുന്ന വനിതകള്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കാന്‍ പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിക്കും. വിദേശ വനിതകള്‍ക്ക് വിദേശ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് ഒരു വര്‍ഷം വരെ സൗദിയില്‍ വാഹനം ഓടിക്കാന്‍ അനുമതി നല്‍കും. കാറുകള്‍ക്ക് പുറമേ സ്ത്രീകള്‍ക്ക് ട്രക്ക്, മോട്ടോര്‍ ബൈക്ക് തുടങ്ങിയവയും ഓടിക്കാന്‍ അനുമതിയുണ്ടാകും. എന്നാല്‍ ട്രെയിന്‍ ഓടിക്കാന്‍ ഇപ്പോള്‍ അനുമതി നല്‍കില്ല. റെന്റ് എ കാര്‍ കമ്പനികളുടെ ഓഫീസുകളില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പിലാക്കാന്‍ 45 ദിവസത്തെ സമയം അനുവദിച്ചതായും റുമായ് അല്‍ റുമായ് അറിയിച്ചു.