റിയാദ്: സൗദി ചരിത്രത്തിലാദ്യമായി കായിക സ്റ്റേഡിയത്തില്‍ വനിതകള്‍ പ്രവേശിച്ചു. ജിദ്ദയിലെ കിംഗ് അബ്ദുള്ള സ്‌റ്റേഡിയത്തിലാണ് ചരിത്രത്തിലാദ്യമായി വനിതകളുടെ ആരവമുയര്‍ന്നത്. 

ജിദ്ദയിലെ കിംഗ് അബ്ദുള്ള സ്‌റ്റേഡിയത്തില്‍ ഇന്ന് നടന്ന ഫുട്ബാള്‍ മത്സരം കാണാനാണ് ആദ്യമായി സ്‌റ്റേഡിയത്തില്‍ വനിതകള്‍ പ്രവേശിച്ചത്. രണ്ടര മാസം മുമ്പാണ് വനിതകള്‍ക്ക് സ്‌റ്റേഡിയങ്ങളില്‍ ഉണ്ടായിരുന്ന വിലക്ക് നീക്കാന്‍ സൗദി ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി തീരുമാനിച്ചത്.

പ്രശസ്ത ക്ലബ്ബുകളായ അല്‍ അഹലിയും അല്‍ ബാത്തിനും തമ്മിലുള്ള മത്സരം കാണാനാണ് ആദ്യമായി സ്ത്രീകള്‍ക്ക് അവസരം ലഭിച്ചത്. ഫാമിലിക്ക് സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ പ്രത്യേക വഴിയും, ഗ്യാലറിയില്‍ പ്രത്യേക സൗകര്യങ്ങളും, പാര്‍ക്കിംഗ് ഏരിയയും ഒരുക്കിയിരുന്നു. 

പ്രാര്‍ഥിക്കാനുള്ള സൗകര്യം, റസ്റ്റ് റൂം, വനിതാ വളണ്ടിയര്‍മാര്‍ തുടങ്ങിയവയും സ്ത്രീകള്‍ക്കായി ഒരുക്കി. അടുത്ത രണ്ട് ദിവസങ്ങളില്‍ നടക്കുന്ന കളികള്‍ കാണാനും സ്ത്രീകള്‍ക്ക് അവസരം ഉണ്ടാകും. ജിദ്ദയിലെ കിംഗ് അബ്ദുള്ള സ്‌റ്റേഡിയത്തിനു പുറമേ, റിയാദിലെ കിംഗ് ഫഹദ് സ്‌റ്റേഡിയം, ദമാമിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ ഫഹദ് സ്‌റ്റേഡിയം എന്നിവിടങ്ങളില്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്.