എടിഎം മെഷീനുകളില്‍ കൃത്രിമം നടത്തി പണം തട്ടിയ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് ബാങ്ക് അധികൃതര്‍ കാണുന്നത്. കൗണ്ടറുകളുടെ സുരക്ഷാ പാളിച്ച തുറന്നുകാട്ടിയ സംഭവത്തില്‍ ഇടപാടുകാരുടെ ആശങ്കയകറ്റാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് എസ്ബിടി. ആദ്യപടിയായി, സംസ്ഥാനത്തെ 1700 എടിഎം കൗണ്ടറുകള്‍ പരിശോധിക്കാന്‍ എസ്ബിടി നടപടി തുടങ്ങി. കൗണ്ടറുകളില്‍ ആരെങ്കിലും അതിക്രമിച്ച് കയറി, യന്ത്രങ്ങളില്‍ കൃത്രിമം നടത്തിയോ എന്നറിയാനാണ് പരിശോധന. ഇന്ന് വൈകുന്നേരത്തോടെ തന്നെ റിപ്പോര്‍ട്ട് എസ്ബിടി അധികൃതര്‍ ശേഖരിച്ചു. അന്വേഷണത്തിന് ആവശ്യമെങ്കില്‍ ഈ വിവരങ്ങള്‍ പൊലീസിന് കൈമാറും. 

ഇതിനോടകം 14 പരാതികളാണ് ബാങ്കിന് ലഭിച്ചത്. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം, ഇതും അന്വേഷണ സംഘത്തിന് കൈമാറും. അതേസമയം, തട്ടിപ്പ് നടന്ന വെള്ളയമ്പലം ആല്‍ത്തറ എസ്ബിഐ എടിഎം മെഷീനോട് ചേര്‍ന്ന ബാങ്കിന്റെ ശാഖയില്‍ ഇടപാടുകള്‍ ഇന്ന് സാധാരണ നിലയിലെത്തി. കൃത്രിമം നടന്ന എടിഎം മെഷീനും ഉച്ചവരെ തുറന്ന് പ്രവര്‍ത്തിച്ചു. ഉന്നത പൊലീസ് സംഘത്തിന്റെ പരിശോധനയ്‌ക്ക് ശേഷം, താത്കാലികമായി കൗണ്ടര്‍ അടച്ചിട്ടു. അന്വേഷണം പുരോഗമിക്കുമ്പോഴും, ഇടപാടുകാരുടെ ആശങ്ക പൂര്‍ണ്ണമായും നീങ്ങിയിട്ടില്ല. സുരക്ഷാ വീഴ്ചയ്‌ക്ക് ബാങ്കുകള്‍ തന്നെയാണ് ഉത്തരവാദികളെന്ന് ഇടപാടുകാര്‍ പറയുന്നു. എസ്ബിടിയുടെ ഒരു ഇടപാടുകാരനും പണം നഷ്‌ടപ്പെടില്ലെന്നും, ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു.