ദില്ലി: സിബിഐ മുന്‍ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവുവിന് ശിക്ഷ വിധിച്ച് സുപ്രീംകോടതി. കോടതി പിരിയുന്നത് വരെ ഒരു ദിവസം തടവ് ശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. സിബിഐ ഡയറക്ടറായിരുന്ന ആളെ കോടതി പിരിയും വരെ ഒരു ദിവസത്തേക്ക് തടവിന് ശിക്ഷിക്കുന്നത് ഇതാദ്യമായാണ്. 

കോടതി അലക്ഷ്യത്തിന് നിരുപാധികം മാപ്പുപറഞ്ഞിട്ടും നാഗേശ്വര റാവുവിനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു കോടതി. അറ്റോണി ജനറല്‍ കെ കെ വേണു ഗോപാലാണ് ഹാജരായത്. കോടതി അലക്ഷ്യത്തിന് കേസ് എടുത്തിരിക്കുന്ന ഒരാള്‍ക്ക് വേണ്ടി എന്തിനാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരായതെന്ന് കോടതി ചോദിച്ചു. എന്നാല്‍ ഇതിന് കെ കെ വേണുഗോപാല്‍ മറുപടി നല്‍കിയില്ല. 

സുപ്രീംകോടതിയുടെ ഉത്തരവ് നിലനില്‍ക്കേ, ബിഹാറിലെ മുസഫർപൂർ ശിശുസംരക്ഷണ കേന്ദ്രങ്ങളിൽ നടന്ന ബാലപീഡനക്കേസുകൾ അന്വേഷിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിനാണ് നാഗേശ്വര റാവുവിനെതിരെ കേസ് എടുത്തത്. നടപടിയില്‍ മാപ്പ് പറഞ്ഞുകൊണ്ട് റാവു സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.  സുപ്രീംകോടതിയുടെ ഉത്തരവ് നിലനിൽക്കുമ്പോൾ താൻ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാൻ പാടില്ലായിരുന്നുവെന്ന് നാഗേശ്വർ റാവു പറയുന്നു. റാവുവിന്‍റെ സത്യവാങ്മൂലം നാളെ സുപ്രീംകോടതി പരിഗണിക്കും.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. മുൻ സിബിഐ ജോയന്‍റ് ഡയറക്ടറായ എ കെ ശർമയെയാണ് സിബിഐ മുൻ ഇടക്കാല ഡയറക്ടർ എം നാഗേശ്വരറാവു സ്ഥാനമേറ്റ് ദിവസങ്ങൾക്കുള്ളിൽ മാറ്റിയത്. നയപരമായ തീരുമാനങ്ങളെടുക്കരുതെന്ന കോടതി വിലക്കുണ്ടായിട്ടും നാഗേശ്വർ റാവു സിബിഐ തലപ്പത്ത് അഴിച്ചുപണി നടത്തിയതിനെതിരെയും സുപ്രീംകോടതി ആഞ്ഞടിച്ചു. എ കെ ശർമയെ കഴിഞ്ഞ ജനുവരി 17ാം തീയതി സിആർപിഎഫിലേക്കാണ് നാഗേശ്വർ റാവു സ്ഥലം മാറ്റിയത്.