അന്വേഷണം വേറെ വിവാഹം വേറെ; ഹാദിയയ്ക്കും ഷെഫിനും ഇനി ഒരുമിച്ച് ജീവിക്കാം

First Published 8, Mar 2018, 2:51 PM IST
SC ON HADIYA CASE
Highlights
  • വിവാഹവും അന്വേഷണവും വേറെയെന്ന് സുപ്രീം കോടതി

ദില്ലി: ഹാദിയ ഷെഫിന്‍ ജഹാന്‍ വിവാഹ ബന്ധം റദ്ദാക്കിയ ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി വിധി. ഇതോടെ ഹാദിയയ്ക്കും ഷെഫീനും ഇനി ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കാം. രണ്ട് പ്രായപൂര്‍ത്തിയായ വ്യക്തികളുടെ വിവാഹത്തില്‍ ഇടപെടാന്‍ മൂന്നാമതൊരാള്‍ക്കും അധികാരമില്ല. ഒരു അന്വേഷണ ഏജന്‍സിയ്ക്കും ഇരുവരുടെയും വിവാഹത്തില്‍ അന്വേഷണം നടത്താനാകില്ല. വിവാഹവും അന്വേഷണവും വേറെയെന്നും സുപ്രീം കോടതി വ്യക്തമാക്കി.

അന്വേഷണത്തില്‍ കോടതി ഇടപെടില്ല. ഹാദിയ കേസില്‍ എന്‍ഐഎയ്ക്ക് അന്വേഷണം തുടരാം. എന്നാല്‍ വിവാഹത്തില്‍ കോടതി ഇടപെടില്ല. ഇരുവരെയും കേസില്‍ പ്രതി ചേര്‍ക്കുകയോ കുറ്റക്കാരെന്ന് കണ്ടാല്‍ അറസ്റ്റ് ചെയ്യുകയോ ചെയ്യാമെന്നും കോടതി. ഹൈക്കോടതി വിധി റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും അറിയിച്ചു. 

അതേസമയം ഹാദിയ ഇസ്ലാം മതം സ്വീകരിച്ചതില്‍ തനിയ്ക്ക് എതിര്‍പ്പില്ലെന്നും താന്‍ നിരീശ്വരവാദിയാണെന്നും ഹാദിയയുടെ അച്ഛന്‍ അശോകന്‍ പറഞ്ഞു. അശോകന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മകളെ തീവ്രവാദ ബന്ധത്തില്‍നിന്ന് രക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഹാദിയയെ യെമനിലേക്ക കൊണ്ടുപോകാനും ലൈംഗിക അടിമയാക്കാനും ശ്രമം നടന്നിരുന്നുവെന്നും അശോകന്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ അശോകന്‍റെ ആവശ്യമടക്കം തള്ളിയാണ് സുപ്രീംകോടതി വിധി. ഇതോടെ ഈ കേസ് തീരുകയാണെന്നാണ് വ്യക്തമാകുന്നത്. എന്‍ഐഎയ്ക്ക് അന്വേഷണം തുടരുകയുമാവാം. അന്തിമ വിധി വന്നാല്‍ സുപ്രീംകോടതിയുടെ ഇടക്കാല വിധിയും റദ്ദാകും. ഇതോടെ ഹാദിയയ്ക്കും ഷെഫിനും ഒരുമിച്ച് ജീവിക്കാന്‍ തടസ്സമുണ്ടാകില്ലെന്നും ഷെഫിന്‍റെ അഭിഭാഷകന്‍ പറഞ്ഞു.  
 

loader