സന്നിധാനം: യുവതിപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്ക് ശേഷം മല കയറാൻ പലരെത്തിയെങ്കിലും ആര്‍ക്കും സന്നിധാനത്തെത്താൻ കഴിഞ്ഞിരുന്നില്ല. പൊലീസ് സുരക്ഷയിൽ മലകയറാൻ ഒരുങ്ങി ആദ്യ ശ്രമം പരാജയപ്പെട്ട ശേഷമാണ് ബിന്ദുവും കനകദുര്‍ഗയും സംഘവും വീണ്ടും ശബരിമലയിലെത്തിയത്

വിധി വന്നശേഷം ആദ്യം നടതുറന്നത് തുലാമാസ പൂജയ്ക്കായിരുന്നു. കുടുംബാംഗങ്ങൾക്ക് ഒപ്പം മലകയറാനെത്തിയെങ്കിലും പ്രതിഷേധം കണ്ട് ഭയന്ന് പിൻമാറേണ്ടി വന്നു ആന്ധ്ര സ്വദേശി മാധവിയ്ക്ക്. ജോലിയുടെ ഭാഗമായി വന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ് പ്രതിഷേധക്കാരുടെ കയ്യേറ്റത്തെ തുടര്‍ന്ന് മരക്കൂട്ടം വരെ എത്തി മടങ്ങുകയായിരുന്നു. പിന്നാലെ ഇരുമുടികെട്ടുമായി രഹ്നാ ഫാത്തിമയും മോജോ ടിവി റിപ്പോര്‍ട്ടര്‍ കവിതയും പൊലീസൊരുക്കിയ കനത്ത സുരക്ഷയിൽ നടപ്പന്തൽ വരെ എത്തി. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഇവരും പിൻമാറുകയായിരുന്നു. 

പിന്നാലെ കഴക്കൂട്ടം സ്വദേശി മേരി സ്വീറ്റി പമ്പയിലെത്തി. അർത്തുങ്കൽ സ്വദേശി ലിബി, ദളിത് മഹിളാ ഫെഡറേഷൻ നേതാവ് മഞ്ജു. കോഴിക്കോട് സ്വദേശി ബിന്ദു തങ്കം കല്യാണി എന്നിവര്‍ സന്നിധാനത്ത് എത്താന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധം മറികടക്കാനാകാതെ പിൻമാറുകയായിരുന്നു. മല കയറാൻ സന്നദ്ധത തുറന്ന് പറഞ്ഞവരെ മാത്രമല്ല മല കയറിയെത്തിയവരിൽ പ്രായത്തിൽ സംശയം തോന്നിയവരെ പോലും പ്രതിഷേധക്കാര്‍ വെറുതെ വിട്ടില്ല.

മലകയറാൻ ആഗ്രഹം അറിയിച്ച് വാര്‍ത്താസമ്മേളനം നടത്തിയ യുവതികൾക്ക് നേരെ എറണാകുളം പ്രസ്ക്ലബിന് മുന്നിൽ വരെ കനത്ത പ്രതിഷേധമുണ്ടായിരുന്നു. ശബരിമല കയറുമെന്ന് പ്രഖ്യാപിച്ച് എത്തിയ തൃപ്തി ദേശായിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പുറത്തിറക്കാന്‍ പ്രതിഷേധക്കാര് അനുവദിച്ചില്ല‍. മനിതി സംഘടനയ്ക്കും അനുഭവം മറ്റൊന്നായിരുന്നില്ല

പമ്പയിലും നിലയ്ക്കലിലും എരുമേലിയിലുമൊക്കെ എത്തി പിൻമാറിയവരുടെ കൂട്ടത്തിലായിരുന്നു ഇതുവരെ ബിന്ദുവും കനക ദുര്‍ഗയും. ഇക്കഴിഞ്ഞ 24ന് ശബരിമല കയറാൻ ഇരുവരും എത്തിയിരുന്നു. സന്നിധാനത്തിന് ഒരു കിലോമീറ്ററടുത്ത് ചന്ദ്രാനന്ദൻ റോഡുവരെയെത്തിയ ഇവരെ പൊലീസ് തിരിച്ചിറക്കി ബലമായി ആശുപത്രിയിലാക്കിയെന്ന് അവർ തന്നെ പരാതിപ്പെടുകയും ചെയ്തിരുന്നു. മണ്ഡലപൂജക്കുശേഷം തിരക്ക് കുറയുമ്പോൾ വീണ്ടും വരാമെന്ന് അന്നിവരെ അനുനയിപ്പിച്ച് തിരിച്ചയച്ചു. അന്ന് പിൻമാറിയ ശേഷമാണ് അധികമാരും അറിയാതെ ഇവര്‍ വീണ്ടുമെത്തി ദര്‍ശനം നടത്തി മടങ്ങിയത്.