Asianet News MalayalamAsianet News Malayalam

കെഎസ്ആര്‍ടിസി ഡീസൽ കുടിശ്ശിക അടക്കണമെന്ന് സുപ്രീംകോടതി

SC orders diesel subsidy for KSRTC
Author
First Published Nov 7, 2017, 7:58 PM IST

ദില്ലി: ഡീസൽ സബ്സിഡി കുടിശ്ശിക ഇനത്തിൽ എണ്ണകമ്പനികൾക്ക് നൽകാനുള്ള 90 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കുടിശിക അടക്കുന്നതിൽ ഇളവ് തേടി കെ.എസ്.ആർ.ടി.സി നൽകിയ ഹർജി സുപ്രീം കോടതി തള്ളി. സബ്‌സിഡി ആനുകൂല്യങ്ങൾക്കായി ആര്‍ക്കും വാശിപിടിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. 
 
വൻകിട ഉപഭോക്താക്കൾക്ക് ഡീസൽ സബ്സിഡി നൽകേണ്ടതില്ലെന്ന് 2013 ജൂലൈയിൽ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു.  കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വന്നതിന് ശേഷം ആറുമാസക്കാലം സബ്സിഡി നിരക്കിലാണ് കെ.എസ്.ആര്‍.ടി.സിക്ക് പൊതുമേഖല എണ്ണകമ്പനികൾ ഡീസൽ നൽകിയത്. ഈ ഇനത്തിൽ 60 കോടി രൂപയും അതിന്‍റെ പലിശയുമായി 90 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സി പൊതുമേഖല എണ്ണകമ്പനികൾക്ക് നൽകാനുള്ളത്. 

ഇതിൽ ഇളവ് തേടി കെ.എസ്.ആര്‍.ടി.സി മുന്നോട്ടുവെച്ച ആവശ്യമാണ് ഇന്ന് സുപ്രീംകോടി തള്ളിയത്. സബ്സിഡി കുടിശ്ശിക അടക്കേണ്ട സാഹചര്യം ഉണ്ടായാൽ ആ ബാധ്യത ഏറ്റെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കേരള ഹൈക്കോടതിയെ അറിയിച്ചത് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജീവനക്കാർക്ക് പെൻഷനും ശമ്പളവും നല്കേണ്ടതിനാൽ  കെ.എസ് ആർ ടിസിക്ക് കുടിശിക അടക്കുന്നത് അധിക ബാധ്യതയാകാം. 

അത് സംസ്ഥാന സര്‍ക്കാരിന് തടസ്സമാകില്ലെന്ന് കോടതി വ്യക്തമാക്കി. സബ്‌സിഡി നിർത്തലാക്കിയ കേന്ദ്ര സർക്കാർ നടപടി ഏകപക്ഷീയമല്ല. സബ്‌സിഡി നിർബന്ധമായും നൽകണമെന്ന് സംസ്ഥാനങ്ങൾക്ക് വാശി പിടിക്കാൻ ആകില്ല. സർക്കാരിന്റെ നയപരമായ വിഷയത്തിൽ കോടതിക്ക് ഇടപെടാൻ ആകില്ല എന്നും കോടതി പറഞ്ഞു.  

പൊതുമേഖലാ എണ്ണ കമ്പനികൾക്ക് കുടിശിക ഈടാക്കാതിരിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എങ്കിലും കുടിശിക ഈടാക്കുന്നതിൽ നിന്ന് സംസ്ഥാനങ്ങൾക്ക് ഇളവ് നൽകാൻ ആകുമോയെന്ന് കേന്ദ്ര സര്‍ക്കാരിന് പരിഗണിക്കാവുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. 

Follow Us:
Download App:
  • android
  • ios