ഇതോടെ സൗമ്യക്കേസില്‍ വഴിത്തിരിവായിരിക്കും സുപ്രീംകോടതിയുടെ ഈ തീരുമാനം. സാധാരണഗതിയില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തുറന്ന കോടതിയില്‍ വാദം കേള്‍ക്കാറില്ല. അതുകൊണ്ടുതന്നെ സൗമ്യക്കേസിലെ തീരുമാനം ഏറെ നിര്‍ണായകമായിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ വളരെ പ്രധാനപ്പെട്ട കേസുകളില്‍ മാത്രമാണ് റിവ്യൂ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാനുള്ള തീരുമാനം സുപ്രീംകോടതി എടുത്തിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറാണ് സൗമ്യ കേസ് തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി മുമ്പാകെ വെച്ചത്. ഇക്കാര്യം അംഗീകരിച്ച കോടതി ഉടന്‍ തന്നെ സൗമ്യക്കേസ് തുറന്ന കോടതി മുമ്പാകെ വാദം കേള്‍ക്കാമെന്ന് അംഗീകരിക്കുകയായിരുന്നു. സൗമ്യക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒഴിവാക്കിയതിനെയാണ് സംസ്ഥാന സര്‍ക്കാര്‍ ചോദ്യം ചെയ്‌തത്. ഈ കേസില്‍ 302-ാം വകുപ്പിന്റെ സാധ്യത ഒഴിവാക്കി 325-ാം വകുപ്പിലാണ് സുപ്രീംകോടതി ശിക്ഷ നല്‍കിയിരിക്കുന്നത്. ആ വകുപ്പ് പ്രകാരം ഏഴു വര്‍ഷമാണ് സുപ്രീംകോടതി ശിക്ഷ നല്‍കിയിരിക്കുന്നത്. 325 വകുപ്പ് നിലനില്‍ക്കുകയാണെങ്കില്‍ 302 വകുപ്പ് നിലനില്‍ക്കുമെന്ന വാദമാണ് സംസ്ഥാന സര്‍ക്കാര്‍ കോടതി മുമ്പാകെ ഉന്നയിച്ചത്. പുനഃപരിശോധനാ ഹര്‍ജി നിലയില്‍ ആയതിനാല്‍ പുതിയ തെളിവുകള്‍ കോടതിക്ക് മുമ്പാകെ വെക്കാനാകില്ല. എന്നാല്‍ നിലവിലുള്ള തെളിവുകള്‍ കൃത്യതയോടെ കോടതിക്ക് മുന്നില്‍ അവതകിപ്പിക്കുന്നതിനുള്ള അവസരമാണ് തുറന്നുകിട്ടിയിരിക്കുന്നത്. സൗമ്യക്കേസ് നാളെ വാദം കേള്‍ക്കാനിരുന്നതാണ്. എന്നാല്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാനുള്ള തീരുമാനം വന്നതോടെ കേസ് നാളെ പരിഗണിക്കുമോയെന്നത് വ്യക്തമല്ല. നാളത്തെ കേസുകളുടെ മുന്‍ഗണന പ്രകാരമാകും, കേസുകള്‍ വാദം കേള്‍ക്കുക. ചിലപ്പോള്‍ സൗമ്യ കേസ് ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നും നിയമവിദഗ്ദ്ധര്‍ സൂചിപ്പിക്കുന്നു.