ദില്ലി: മാധ്യമ വിലക്ക് കേസ് ഹൈക്കോടതി വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഹൈക്കോടതി തീരുമാനത്തിന് ശേഷം കേസിന്റെ എല്ലാവശങ്ങളും ജനുവരി രണ്ടാംവാരത്തില്‍ പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. പ്രശ്‌നപരിഹാരത്തിനുള്ള ഹൈക്കോടതി നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണെന്ന് പത്രപ്രവര്‍ത്തക യൂണിയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു.
കോടതികളിലെ മാധ്യമവിലക്കും ഹൈക്കോടതി മീഡിയാ റൂം പൂട്ടിയതും ചൂണ്ടിക്കാട്ടി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി രണ്ടംഗ ബെഞ്ച് പരിഗണിച്ചത്. പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും വിഷയം ഹൈക്കോടതിക്ക് തന്നെ വിടണമെന്നും ഹൈക്കോടതി രജിസ്ട്രാറിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഒരുപാട് പ്രശ്‌നപരിഹാര ശ്രമങ്ങള്‍ ഇഴഞ്ഞുനീങ്ങുകയാമെന്ന് പത്രപ്രവര്‍ത്തക യൂണിയന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. ഹൈക്കോടതിയിലെ മീഡിയാറൂം തുറക്കണമെന്ന കേസ് ഇപ്പോള്‍ ഹൈക്കോടതി പരിഗണിക്കുന്ന വിഷയങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. ഇതോടെയാണ് മാധ്യമകേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് ഹൈക്കോടതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടത്. അതിന് സേശം എല്ലാ വശങ്ങളും പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.
ജനുവരി രണ്ടാംവാരത്തിലേക്ക് കേസ് മാറ്റിവെച്ചിരിക്കുന്നത്. കേസില്‍ ഹൈക്കോടതി അഭിഭാഷക അസോസിയേഷനും കക്ഷിചേര്‍ന്നിട്ടുണ്ട്.
