കൊച്ചി മരടില്‍ സ്കൂള്‍ ബസ് കുളത്തിലേക്ക് മറിഞ്ഞു രണ്ടുകുട്ടികളും ആയയും മരിച്ചു

കൊച്ചി:കൊച്ചി മരടില്‍ അപകടത്തില്‍പ്പെട്ട സ്കൂള്‍ ബസിലുണ്ടായിരുന്ന രണ്ടുകുട്ടികളും ആയയും മരിച്ചു. വിദ്യാലക്ഷ്മി , ആദിത്യന്‍ (4) എന്നീകുട്ടികളും ആയ ലത ഉണ്ണിയുമാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഡ്രൈവറുടെ നില ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റ മൂന്നാമത്തെ കുട്ടി അപകട നില തരണം ചെയ്തു.

മരണപ്പെട്ട രണ്ടുകുട്ടികള്‍ ആശുപത്രിയിലേക്കുള്ള വഴി മധ്യേയും ആയ ആശുപത്രിയില്‍ വച്ചും മരണപ്പെടുകയായിരുന്നു. മരട് കാട്ടിത്തറ റോ‍ഡിലെ ക്ഷേത്രക്കുളത്തിലേക്കാണ് ബസ് മറിഞ്ഞത്. കി‍ഡ്സ് വേള്‍ഡ് ഡേ കെയര്‍ സെന്‍ററിലെ മൂന്നുകുട്ടികളും ആയയുമാണ് ബസിലുണ്ടായിരുന്നത്.ഇവരെ ബസില്‍ നിന്നും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചിരുന്നു. തൃപ്പൂണിത്തറയിലെ പി.എസ് മിഷന്‍ ആശുപത്രിയിലും വെറ്റില വെല്‍കെയര്‍ ആശുപത്രിയിലുമാണ് കുട്ടികളെ പ്രവേശിപ്പിച്ചിരുന്നത്.

മഴയില്‍ വാഹനം തെന്നി നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമായതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.കൂടുതല്‍ ആളുകള് അപകടത്തില്‍പ്പെട്ടോയെന്ന് അറിയുന്നതിനായി നാട്ടുകാരും ഫയര്ഫോഴ്സും ചേര്‍ന്ന് വാഹനം ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.