ഫീസ് വർദ്ധനവ് ചോദ്യം ചെയ്ത കുട്ടികളെ കൂട്ടത്തോടെ പിരിച്ചുവിട്ടു സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ട കുട്ടികൾക്ക് നടുറോഡിൽ പഠനം
കൊച്ചി: ഫീസ് വർദ്ധനവ് ചോദ്യം ചെയ്തതിന് സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ട കുട്ടികൾക്ക് നടുറോഡിൽ പഠനം. എറണാകുളം ശ്രീശ്രീ രവിശങ്കർ വിദ്യാമന്ദിറിലെ അഞ്ച് കുട്ടികളാണ് പ്രതിഷേധ സൂചകമായി കളട്രേറ്റ് റോഡിൽ പഠനം നടത്തിയത്.
ഫീസ് കൂട്ടിയത് ചോദ്യം ചെയ്തതിന്‍റെ പേരിൽ വിദ്യാർത്ഥികളെ കൂട്ടത്തോടെ പിരിച്ച് വിട്ടാണ് മാനേജ്മെന്‍റ് പ്രതികാരം ചെയ്തത്. എറണാകുളം ശ്രീ ശ്രീ രവിശങ്കർ വിദ്യാനികേതൻ സ്കൂളിലെ അഞ്ച് കുട്ടികളെയാണ് മാനേജ്മെന്‍റെ പുറത്താക്കിയത്. സഹപാഠികളെല്ലാം ക്ളാസിൽ കയറി രണ്ടാഴ്ചയായിട്ടും ഈ കുട്ടികൾക്ക് സ്കൂളിൽ പ്രവേശനം നൽകിയില്ല. ഇതോടെയാണ് റോഡിൽ പ്രതിഷേധ പഠനത്തിന് തീരുമാനിച്ചത്.
എൽ.കെ.ജി ക്ളാസ് മുതൽ പത്താം ക്ളാസ് വരെ മുപ്പത്തി അഞ്ച് ശതമാനം ഫീസാണ് മാനേജ്മെന്‍റ് ഒറ്റയടിക്ക് കൂട്ടിയതെന്ന് രക്ഷിതാക്കൾ പറയുന്നു. വർദ്ധിപ്പിച്ച ഫീസ് കുറയ്ക്കാൻ ബാലവകാശകമ്മീഷൻ ആവശ്യപ്പെട്ടിട്ടും നടപടിയായില്ല. ഫീസ് വർദ്ദനവ് ചോദ്യം ചെയ്ത രക്ഷിതാക്കളുടെ കുട്ടികളെ തെരഞ്ഞെുപിടിച്ച് പുറത്താക്കിയെന്നും രക്ഷിതാക്കൾ പറയുന്നു.
കുട്ടികളെ പുറത്താക്കിയ വാർത്ത പുറത്ത് വന്നതോടെ രക്ഷിതാക്കൾക്കെതിരെ ആരോപണവുമായാണ് മാനേജ്മെന്‍റ് രംഗത്ത് വന്നത്. സ്കൂളിന്‍റെ അച്ചടക്കം ഇല്ലാതാക്കിയതിനാണ് കൂട്ടികൾക്കെതിരെ നടപടിയെന്നും മാനേജ്മെന്‍റ് വിശദീകരിക്കുന്നു. മാനേജ്മെന്‍റ് പിടിവാശി തുടർന്നാൽ തങ്ങളുടെ പഠനം മുടങ്ങുമോ എന്ന ആശങ്കയിലാണ് കുട്ടികൾ.
