ചെന്നൈ: ആര്‍ത്തവരക്തം യൂണിഫോമില്‍ പറ്റിയതിന്‌ അധ്യാപിക വഴക്കു പറഞ്ഞതില്‍ മനംനൊന്ത്‌ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്‌തു. തമിഴ്‌നാട്‌ പാളയം കോട്ടിയിലെ സെന്തില്‍നഗര്‍ സകൂളിലാണ്‌ സംഭവം. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ്‌ കണ്ടെടുത്തു.
യുണിഫോമിലും ബെഞ്ചിലും രക്തം പറ്റിയതിനെ തുടര്‍ന്ന്‌ വീട്ടിലേക്ക്‌ പോയ്‌ക്കോട്ടെ എന്നി വിദ്യാര്‍ത്ഥിനി അധ്യാപികയോട്‌ ചോദിച്ചു. ഇതിനെ തുടര്‍ന്ന്‌ അധ്യാപിക മറ്റ്‌ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വച്ച്‌ ശകാരിക്കുകയായിരുന്നു.ഇതില്‍ മനംനൊന്താണ്‌ ആത്മഹത്യ ചെയ്യുന്നതെന്ന്‌ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാകുറിപ്പില്‍ പറയുന്നു. സാനിറ്ററി പാഡ്‌ ശരിയായ രീതിയില്‍ അല്ലേ വച്ചതെന്ന്‌ ചോദിച്ച്‌ ആക്ഷേപിച്ചെന്നും പിന്നീട്‌ ക്ലാസ്സ്‌മുറി വിട്ടു പോകാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

എന്നാല്‍ അധ്യാപിക പറഞ്ഞതു മാത്രമല്ല ഇതിന്റെ പേരില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളും മോശമായി സംസാരിച്ചെന്ന്‌ വിദ്യാര്‍ത്ഥിനിയുടെ കുറിപ്പില്‍ പറയുന്നുണ്ട്‌. ആര്‍ത്തവ രക്തം പറ്റിയത്‌ മറ്റ്‌ സഹപാഠികളാണ്‌ തന്നോട്‌ പറഞ്ഞത്‌.വേറെ ആരും തന്നെപ്പറ്റി പരാതികള്‍ പറയാത്ത സാഹചര്യത്തില്‍ അധ്യാപികയും പ്രിന്‍സിപ്പാളും എന്തിനാണ്‌ തന്നെ വഴക്കു പറഞ്ഞതെന്നും കുട്ടി ചോദിക്കുന്നുണ്ട്‌. താന്‍ ചെയ്‌ത തെറ്റ്‌ എന്താണെന്നും വിദ്യാര്‍ത്ഥിനി കത്തിലൂടെ ചോദിക്കുന്നുണ്ട്‌.

സംഭവം നടന്നതിന്റെ പിറ്റേ ദിവസം പുലര്‍ച്ചെ അയല്‍വീട്ടിലെ ടെറസില്‍ നിന്നും വിദ്യാര്‍ത്ഥിനി ചാടി മരിക്കുകയായിരുന്നു.ആത്മഹത്യാ കുറിപ്പ്‌ കണ്ടെടുത്തതോടെയാണ്‌ മകള്‍ എന്തിനാണ്‌ മരിച്ചതെന്ന്‌ രക്ഷിതാക്കള്‍ അറിഞ്ഞത്‌.സ്‌കൂളിന്‌ മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ മരണം സംബന്ധിച്ച്‌ പോലീസ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുണ്ട്‌.