ഭോപ്പാലിൽ വിചാരണത്തടവുകാരനായ അച്ഛനെ കാണാൻ ജയിലിലെത്തിയ കുട്ടികളുടെ മുഖത്ത് ജയിൽ അധികൃതർ ചാപ്പ കുത്തി. ജയിലേക്കുള്ള പ്രവേശനം രേഖപ്പെടുത്തുന്നതിനാണ് കുട്ടികളുടെ മുഖത്ത് ചാപ്പ കുത്തിയത്. സംഭവം വിവാദമായതോടെ മധ്യപ്രദേശ് സർക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.
പത്ത് വയസ്സിനും പതിനഞ്ച് വയസ്സിനും താഴെയുള്ള ഒരാൺകുഞ്ഞും പെൺകുഞ്ഞിന്‍റെയും മുഖത്താണ് അനുമതിക്കായി കാത്ത് നില്‍ക്കുന്നതിനിടയില്‍ ചാപ്പ കുത്തിയത്. പേപ്പർ സ്റ്റാമ്പ് പോലെ കുഞ്ഞുങ്ങളെ പരിഗണിച്ചതിൽ പ്രതിഷേധം ശക്തമായതോടെ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് ജയിൽ മന്ത്രി കുസും മെഹദെലെ പറഞ്ഞു. ജയിൽ അധികൃതരിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിടുണ്ടെന്ന് ബാലാവകാശ കമ്മീഷൻ പറഞ്ഞു. എന്നാൽ രക്ഷാബന്ധൻ ദിനവുമായി ബന്ധപ്പെട്ട് വലിയ തിരക്കുണ്ടായിരുന്നുവെന്നും അതിനിടയിൽ സംഭവിച്ച കൈപ്പിഴയാകാമെന്നുമാണ് ജയിൽ അധികൃതരുടെ വിശദീകരണം.
അന്തേവാസികളിൽ നിന്ന് വേർതിരിച്ചറിയാനായി സന്ദർശകരുടെ കൈയ്യിൽ ചാപ്പ കുത്തുന്ന രീതി ജയിലിലുണ്ട്. എന്നാൽ ശരീരത്തിൽ ചാപ്പ കുത്തുന്ന രീതി നിയമവിരുദ്ധമാണെന്ന് ജയിൽ എഡിജി തന്നെ വ്യക്തമാക്കി കഴിഞ്ഞു.
