ജാതിസംവരണത്തിനെതിരെ ഭാരത് ബന്ദ് സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിൽ ബീഹാറിൽ ഏറ്റുമുട്ടലും വെടിവയ്പ്പും പശ്ചിമ യുപിയിൽ ഇന്‍റര്‍നെറ്റ് നിരോധിച്ചു യുപിയിൽ അംബേദ്കറിന്‍റെ കാവി പ്രതിമ

ദില്ലി: ജാതി സംവരണത്തിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ഒരു വിഭാഗം മുന്നോക്ക സമുദായ വിഭാഗം ആഹ്വാനം ചെയ്ത ഭാരത് ബന്ദിൽ സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിൽ. ബന്ദിനെ തുടര്‍ന്ന് ബീഹാറിൽ നടന്ന ഏറ്റുമുട്ടലിലും വെടിവയ്പ്പിലും 12 പേര്‍ക്ക് പരിക്കേറ്റു. ദേശീയപാത ഉപരോധിച്ച പ്രക്ഷോഭകര്‍ ട്രെയിൻ തടഞ്ഞും പ്രതിഷേധിച്ചു. മധ്യപ്രദേശ്, രാജസ്ഥാൻ, യുപി, ബിഹാര്‍ സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിലാണ

ദളിത് ബന്ദിന് പകരമായി മുന്നോക്ക സമുദായത്തിലെ ഒരു വിഭാഗം ആഹ്വാനം ചെയ്ത ഭാരത് ബന്ദിൽ ഭോപ്പാൽ, ഗ്വാളിയോര്‍, ജയ്പൂര്‍ എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മധ്യപ്രദേശിലെ ഭീണ്ടിലും, മൊറേനയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. ഉത്തരാഖാണ്ഡിലെ നൈനിറ്റാളിലും പ്രകടനങ്ങളും പ്രതിഷേധങ്ങളും നിരോധിച്ചു. ബിഹാറിലെ അറായിൽ ഇരു വിഭാഗങ്ങൾ തമ്മിൽ കല്ലേറും വെടിവയ്പ്പുമുണ്ടായി. 

യുപിയിലെ സഹാറൻപൂരിലും മുസാഫര്‍ നഗറിലും ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കി. ഫിറോസാബാദിൽ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികൾക്ക് അവധി നൽകി. 6,000ത്തോളം പൊലീസുകാരുടെ സുരക്ഷാ വലയത്തിലാണ് ഭോപ്പാൽ. പട്രോളിങ്ങും ശക്തമാക്കി. പ്രകോപരനപരമായ പരാമര്‍ശം നടത്തി സമൂഹ മാധ്യമങ്ങളിലൂടെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത മൂന്നുപേര്‍ക്കെതിരെ ഇന്നലെ യുപി പൊലീസ് കേസെടുത്തിരുന്നു. അതിനിടെ യുപിയിലെ ബദായൂനിൽ കാവി നിറത്തിലുള്ള അംബേദ്കര്‍ പ്രതിമ നിര്‍മ്മിച്ചത് വിവാദമായി. ആക്രമികൾ തകര്‍ത്ത പ്രതിമയ്ക്ക് പകരം നിര്‍മ്മിച്ച പ്രതിമയാണ് വിവാദമായത്. സര്‍ക്കാര്‍ ഒഫീസുകളിൽ കാവി പെയിന്‍റ് അടിച്ച യുപി സര്‍ക്കാര്‍ അംബേദ്കറിനേയും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കുകയാണെന്ന് ബിഎസ്പി വിമര്‍ശിച്ചു.